അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയെ പിന്തുണച്ച് നടി തെസ്‌നി ഖാൻ. രേണു സുധിയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് തെസ്‌നി ഖാൻ മറുപടി നൽകിയത്. ആർക്കും ശല്ല്യമില്ലാതെ പോകുന്ന ഒരു പാവമാണ് അവരെന്നും ഇഷ്ടമില്ലാത്തവർ രേണുവിന്റെ വീഡിയോ കാണേണ്ടെന്നും തെസ്‌നി ഖാൻ പ്രതികരിച്ചു.
'ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവർ ജീവിച്ചു പൊയ്‌ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവർ മാത്രം കാണുക, അല്ലാത്തവർ അത് മാറ്റുക. ഇപ്പോൾ എനിക്ക് പാവം തോന്നുന്നു. ആർക്കും അവർ ഒരു ശല്ല്യമാകുന്നില്ലല്ലോ. കാണാത്തവർ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിനുപോലും ഇഷ്ടമില്ലാത്ത കാര്യമാണ്. അതോർക്കുക.'-തെസ്‌നി ഖാൻ കുറിച്ചു.
'മഞ്ജു വാര്യരെ പോലെയുണ്ട് കാണാൻ എന്ന് പറഞ്ഞപ്പോഴുള്ള രേണു സുധിയുടെ മറുപടി കേട്ടോ?' എന്ന ക്യാപ്ഷനോടെയാണ് യുട്യൂബ് ചാനൽ രേണുവിന്റെ വീഡിയോ പങ്കുവെച്ചത്. രേണുവിനെ പരിഹസിക്കുന്ന തരത്തിലാണ് വ്‌ളോഗർ ഇക്കാര്യം പറയുന്നുത്. 'അയ്യോ അങ്ങനെ പറയല്ലേ, ഞാൻ എവിടെ കിടക്കുന്നു. മഞ്ജു ചേച്ചിയൊക്കെ വലിയ ആർട്ടിസ്റ്റാണ്. എനിക്ക് വലിയ ഇഷ്ടമാണ് മഞ്ജു ചേച്ചിയെ'-രേണു ഇതിന് മറുപടി പറയുന്നതും വീഡിയോയിൽ കാണാം.