ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം, എംവി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി അതിരൂപത

07:00 AM Aug 12, 2025 | Suchithra Sivadas

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമര്‍ശിച്ചു. എ.കെ.ജി. സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അതിരൂപത ചോദിച്ചു.

ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കി. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടില്‍ മാറ്റമില്ല. സി പി. എം. സംസ്ഥാന സെക്രട്ടറിയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്.

നേരത്തെ, ഡി. വൈ. എഫ്. ഐ.യുടെ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതാണ്. എന്നാല്‍, എം.വി. ഗോവിന്ദന്‍ ഇതിന് കുടപിടിക്കുന്നത് അപലപനീയമാണെന്നും അതിരൂപത കുറ്റപ്പെടുത്തി. അവസരവാദം ആപ്തമാക്കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറിയാണെന്നും, സ്വന്തം പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന നിലപാടാണ് ഗോവിന്ദന്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിരൂപത അഭിപ്രായപ്പെട്ടു. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോല്‍ ആക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.