നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച പി വി അന്‍വര്‍ എംഎല്‍എ ഒതായിലെ വീട്ടില്‍ മടങ്ങിയെത്തി. വസതിയിലേക്ക് മടങ്ങിയെത്തിയ അന്‍വറിന് വലിയ സ്വീകരണമാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ഒരുക്കിയത്. പടക്കം പൊട്ടിച്ച് ആഘോഷമായാണ് പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചത്.
വസതിയിലെത്തിയ അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നന്ദി എന്ന് അന്‍വര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തത് കൊണ്ട് താന്‍ ഉന്നയിക്കുന്ന വിഷയം ജനങ്ങള്‍ അറിയാന്‍ കാരണമായി. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം യുഡിഎഫ് നേതാക്കളെ ബന്ധപ്പെട്ടു. പിന്തുണയ്ക്ക് നന്ദി പറഞ്ഞു. പ്രതിപക്ഷ നേതാവിനെയും കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, രമേശ് ചെന്നിത്തല എന്നിവരെയെല്ലാം ബന്ധപ്പെട്ടു. ബിഷപ്പുമാരെയും വിളിച്ചു. പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കളെ നേരില്‍ കാണും. സഭാ നേതാക്കളെയും കാണുമെന്നും അന്‍വര്‍ പറഞ്ഞു.
നിയമസഭയില്‍ വന നിയമഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ പാടില്ല. അതിനെതിരായ ജനകീയ പ്രക്ഷോഭം ഉണ്ടാകണമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.