രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ എത്തും മുന്‍പ് ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തതിന് താന്‍ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് താരം.
ഒരു ദിവസം ഒരാള്‍ തന്റെ ടെമ്പോയിലേക്ക് ഒരു ലഗേജ് കയറ്റാന്‍ എന്നോട് ആവശ്യപ്പെടുകയും അതിന് രണ്ട് രൂപ തരുകയും ചെയ്തു. അയാളുടെ ശബ്ദം എനിക്ക് പരിചിതമായി തോന്നി, ഞാന്‍ കോളേജില്‍ കളിയാക്കിയിരുന്ന എന്റെ സഹപാഠിയായിരുന്നു അതെന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. 'അന്നൊക്കെ നിനക്ക് എന്തൊരു അഹങ്കാരമായിരുന്നു' എന്നു പറഞ്ഞ് എന്റെ ജോലിയെ അയാള്‍ പരിഹസിച്ചു. ജീവിതത്തില്‍ ഞാന്‍ ആദ്യമായി പൊട്ടിക്കരഞ്ഞത് അന്നാണ്' അദ്ദേഹം പറയുന്നു.
ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിക്കുന്നത്. ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും.