ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയത്‌ ജോലിയില്‍നിന്ന്‌ പിരിച്ചുവിട്ടതിനാണെന്നു പ്രതികള്‍

02:11 PM Jul 10, 2025 |


തലസ്‌ഥാനനഗരത്തില്‍ ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയത്‌ ജോലിയില്‍നിന്ന്‌ പിരിച്ചുവിട്ടതിനാണെന്നു പ്രതികള്‍. ഇടപ്പഴിഞ്ഞി കേരള കഫേ ഹോട്ടല്‍ ഉടമ ജസ്‌റ്റിന്‍ രാജിനെ ആക്രമിച്ചശേഷം കഴുത്ത്‌ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ പ്രതികളായ ഡേവിഡും സുരേഷും പോലീസിനു മൊഴി നല്‍കി. ഇരുവരും ജസ്‌റ്റിന്‍ രാജിന്റെ ഹോട്ടലിലെ ജീവനക്കാരായിരുന്നു.

കൊലയ്‌ക്കു ശേഷം മൃതദേഹം പായ കൊണ്ട്‌ മൂടി. മൃതദേഹം മറവ്‌ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പിന്നീട്‌ ഒളിവില്‍ പോവുകയായിരുന്നുവെന്ന്‌ മ്യൂസിയം പോലീസിന്റെ കസ്‌റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ മൊഴി നല്‍കി. 

തിരുവനന്തപുരം അടിമലത്തുറയില്‍നിന്നാണ്‌ പ്രതികളായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാള്‍ സ്വദേശിയെയും ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. അമിത മദ്യലഹരിയിലായിരുന്ന പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും നാലു പോലീസുകാര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു.

ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ്‌ ജസ്‌റ്റിന്‍ രാജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ദിവസവും രാവിലെ അഞ്ചിന്‌ ഹോട്ടല്‍ തുറക്കുന്നതാണ്‌ ജസ്‌റ്റിന്‍ രാജിന്റെ പതിവ്‌. ആകെ എട്ടു ജീവനക്കാരാണ്‌ ഹോട്ടലിലുള്ളത്‌. ഉച്ചയായിട്ടും ഇദ്ദേഹത്തെ കാണാതായതോടെ മറ്റ്‌ ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ്‌ മൂടിയിട്ട നിലയില്‍ ജസ്‌റ്റിന്‍ രാജിന്റെ മൃതദേഹം കണ്ടത്‌.