പ്രസവശേഷം ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുഞ്ഞ് ഝാർഖണ്ഡിലേക്ക് മടങ്ങുന്നു. ‘നിധി’ എന്ന് ആരോഗ്യമന്ത്രി പേരിട്ട കുഞ്ഞ് ഇനി ഝാർഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷണയിൽ കഴിയും. അധികൃതരും പൊലീസും അടങ്ങിയ സംഘം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിധിയുമായി പുറപ്പെട്ടു.
കുഞ്ഞിനെ അവരവരുടെ സംസ്‌കാരത്തിന് അനുസൃതമായി വളര്‍ത്തണമെന്നതുകൂടി പരിഗണിച്ചാണ് കുഞ്ഞിനെ ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറുന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. കുഞ്ഞിന് 22 ദിവസം പ്രായമുള്ളപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ഝാർഖണ്ഡിലേക്ക് കടന്നു കളഞ്ഞത്.
രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അതിന് ആവശ്യമായ സാമ്പത്തിക സ്ഥിതിയേക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് കൈമാറേണ്ടതില്ലെന്നും പകരം ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറാനും തീരുമാനിച്ചത്.