യുഎസിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം: പതിനെട്ട് മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെടുത്തു

03:59 PM Jan 30, 2025 | Litty Peter

വാഷിംഗ്ടൺ: യുഎസിൽ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നദിയിൽ നിന്നാണ് രക്ഷാദൗത്യ സംഘം മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

ബുധനാഴ്ച രാത്രി റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 എന്ന വിമാനം പോടോമാക് നദിയില്‍ വീണത്. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. 

60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. അപകടം ഉണ്ടായ ഉടൻ തന്നെ അധികൃതർ എയർപോർട്ട് അടയ്ക്കുകയും, വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.