ഈറോഡ് (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ കാണാതായ 35 വയസുള്ള യുവതിയുടെ മൃതദേഹം സ്വകാര്യ വാഴത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.യുവതിയുമായി ബന്ധമുണ്ടായിരുന്ന 27 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മഴയെത്തുടർന്ന് കൂണ്‍ ശേഖരിക്കാൻ പാടത്ത് എത്തിയ പ്രദേശവാസികളാണ് മണ്ണില്‍ നിന്ന് രക്തക്കറയുള്ള കത്തിയും മുടിയുടെ കുറച്ച് ഇഴകളും പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നവംബർ രണ്ട് മുതല്‍ സോണിയയെ കാണാനില്ലായിരുന്നു. ജോലി സ്ഥലത്ത് നിന്ന് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിധവയായി കഴിയുന്ന സോണിയ മകൻ, മകള്‍, അമ്മ എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്.
മൃതദേഹം കണ്ടെത്തിയ വാഴത്തോട്ടത്തിന്‍റെ ഉടമയും ബി കോം ബിരുദധാരിയുമാണ് മോഹൻ കുമാർ. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു.