തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ ഇന്നും തുടരുന്നു. കാഞ്ചന 4 എന്ന സിനിമയുടെ അഡ്വാന്‍സ് തുക ഉപയോഗിച്ച് അദ്ദേഹം തന്റെ ആദ്യ വീട് സൗജന്യ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.
സ്വന്തം അധ്വാനത്തില്‍നിന്ന് പണം സ്വരുക്കൂട്ടി ലോറന്‍സ് വാങ്ങിയ ആദ്യത്തെ വീടാണിത്. പിന്നീട് ഈ വീട് അദ്ദേഹം ഒരു അനാഥാലയമായി മാറ്റുകയും കുടുംബത്തോടൊപ്പം വാടകവീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. ഇന്ന്, ആ വീട് അദ്ദേഹം തന്റെ 'മാട്രം' എന്ന ട്രസ്റ്റിന് കീഴിലുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്‌കൂളായി സമര്‍പ്പിച്ചു. ഈ വീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ പ്രധാന ഓര്‍മ്മകളും നിറഞ്ഞതാണ്, അത് സമൂഹത്തിന് സമര്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ലോറന്‍സ് തന്റെ 'X' പേജില്‍ കുറിച്ചു.
ഈ സംരംഭത്തെ കൂടുതല്‍ മനോഹരമാക്കുന്നത് സ്‌കൂളിലെ ആദ്യ അധ്യാപികയെക്കുറിച്ചുള്ള പ്രഖ്യാപനമാണ്. ലോറന്‍സ് വളര്‍ത്തി വലുതാക്കിയ കുട്ടികളിലൊരാളായ 'വേളാങ്കണ്ണി' തന്നെയായിരിക്കും ഈ സ്‌കൂളിലെ ആദ്യത്തെ അധ്യാപിക. ഈ പ്രഖ്യാപനം അദ്ദേഹത്തിന്റെ ആരാധകരെയും പൊതുജനങ്ങളെയും ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. താന്‍ നല്‍കിയ വിദ്യാഭ്യാസം ഒരു കുട്ടിക്ക് സമൂഹത്തിലേക്ക് തിരികെ നല്‍കാന്‍ അവസരം ലഭിക്കുന്നത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ഓരോ സിനിമയ്ക്കും ലഭിക്കുന്ന അഡ്വാന്‍സ് തുക ഉപയോഗിച്ച് ഓരോ സാമൂഹിക സേവന പദ്ധതികള്‍ നടപ്പാക്കുന്ന ലോറന്‍സിന്റെ ഈ നന്മ ഹൃദയത്തില്‍ തൊടുന്നതാണ്.