ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ സെഹ്‌പോറ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് 14 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൂടെയുണ്ടായിരുന്ന ചേച്ചി പറഞ്ഞത് അനിയത്തിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചുവെന്നാണ്.
എന്നാല്‍ അന്വേഷണത്തിനിടെ ചേച്ചിയുടെ മൊഴിയില്‍ പൊലീസ് പൊരുത്തക്കേടുകള്‍ കണ്ടെത്തി. വിശദമായി പരിശോധിക്കുന്നതിനായി ശ്രീനഗറില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരെ കൊണ്ടുവന്നു. പ്രദേശത്തെയാകെ ഞെട്ടിച്ച കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. തങ്ങളുടെ വയലിന്റെ ഒരു ഭാഗത്ത് എത്തിയപ്പോള്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് സഹോദരി മൊഴി നല്‍കിയതെന്ന് ഗന്ദര്‍ബാല്‍ എസ്.എസ്.പി. ഖലീല്‍ പോസ്വാള്‍ പറഞ്ഞു. എന്നാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അങ്ങനെയാരെയും സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്താനായില്ല.
മരിച്ച പെണ്‍കുട്ടിയുടെ കയ്യില്‍ കണ്ടെത്തിയ മുടിയിഴകള്‍ പ്രധാന തെളിവായി. ഈ മുടി കുട്ടിയുടെ സഹോദരിയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് സഹോദരിയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആദ്യമെല്ലാം പല കഥകള്‍ പറഞ്ഞ് യുവതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ താനും സഹോദരിയുമായി വഴക്കുണ്ടായെന്നും ഇരുവരും പരസ്പരം മര്‍ദിച്ചുവെന്നും ദേഷ്യം വന്നപ്പോള്‍ താന്‍ ഇളയ സഹോദരിയുടെ തലയ്ക്ക് വടി കൊണ്ട് അടിച്ചുവെന്നും ഒടുവില്‍ യുവതി സമ്മതിച്ചതായി എസ്.എസ്.പി പറഞ്ഞു.
തലക്കടിയേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആദ്യം അബോധാവസ്ഥയിലായിരുന്നു. രക്ഷപ്പെട്ടാല്‍ കുടുംബത്തോട് എല്ലാം പറയുമോ എന്ന് ഭയന്ന മൂത്ത സഹോദരി വീണ്ടും വടി കൊണ്ട് അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും എഎസ്പി പറഞ്ഞു. കൃത്യം ചെയ്ത യുവതിയുടെ വൈദ്യപരിശോധന നടത്തി. കൊലപാതകത്തിന് ശേഷം ബന്ധുവിന്റെ വീട്ടില്‍ പോയി രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ യുവതി മാറ്റിയിരുന്നു. ആ വസ്ത്രങ്ങളും അടിക്കാന്‍ ഉപയോഗിച്ച വടിയും കണ്ടെടുത്തു.