പറവൂരില്‍ ആശ ബെന്നി ജീവനൊടുക്കിയതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പ്രതികളായ റിട്ട. പൊലീസ് ഡ്രൈവര്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ ഒളിവിലാണ്. ദമ്പതികളുടെ മകള്‍ ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.
പ്രദീപിനും ബിന്ദുവിനുമെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത പൊലീസ് വിശദമായി പരിശോധിക്കും. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച് കാര്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ബാങ്ക് ഇടപാടും ഗുഗിള്‍ പേ അടക്കമുള്ള യുപിഐ ഇടപാടുകളും പൊലീസ് പരിശോധിക്കും.
അതിനിടെ ദീപയെ കസ്റ്റഡിയില്‍ എടുക്കുന്നതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടി ദീപയുടെ അഭിഭാഷക ഫാത്തിമ രംഗത്തെത്തിയിരുന്നു. അന്യായമായ നീക്കമായിരുന്നു പൊലീസ് നടത്തിയതെന്ന് അഭിഭാഷക പറഞ്ഞു. കലൂരിലെ സ്ഥാപനത്തില്‍ നിന്നാണ് ചോദ്യം ചെയ്യലിന് ശേഷം ദീപയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പറവൂര്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പലിശയ്ക്ക് പണം വാങ്ങിയവരില്‍ നിന്നുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നായിന്നു കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍ ആശ ബെന്നി (41) ജീവനൊടുക്കിയത്. പള്ളിക്കടവ് ഭാഗത്ത് ആശയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മുതലും പലിശയും തിരിച്ച് നല്‍കിയിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മരിക്കുന്നതെന്ന് ആശയുടെ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.