+

പെണ്‍കുട്ടിയുണ്ടായത് ഭാര്യയുടെ പ്രശ്‌നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭര്‍ത്താവ് പീഡിപ്പിച്ചത് നാലു വര്‍ഷം ; കേസെടുത്തു

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊച്ചി അങ്കമാലിയിലാണ് ക്രൂരമായ സംഭവം നടന്നത്. നാല് വര്‍ഷമാണ് 29കാരിയായ യുവതി പീഡനം നേരിട്ടത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവര്‍ക്ക് പെണ്‍കുട്ടി ജനിച്ചു. ഇതിന് പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം പൊലീസ് അറിയുന്നത്. തുടര്‍ന്ന് യുവതി പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയായിരുന്നു.

പെണ്‍കുട്ടി ജനിച്ചത് യുവതിയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി ഉപദ്രവിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിന് പുറമേ ഇയാള്‍ യുവതിയെ അസഭ്യം പറഞ്ഞതായും എഫ്ഐആറിലുണ്ട്. വീട്ടുപണികള്‍ ചെയ്യുന്നില്ലെന്നും പീരിയഡ്സ് ആയില്ലെന്ന് പറഞ്ഞും ഇയാള്‍ ദേഹോപദ്രവം ചെയ്തതായും എഫ്ഐആറിലുണ്ട്. യുവതിയെ പൊലീസ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് മാറ്റി. ഭര്‍ത്താവിനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

facebook twitter