+

ഇന്‍സ്റ്റഗ്രാമിലെ ചിത്രം പൊലീസിന് ഗുണം ചെയ്തു ; കൊച്ചി നഗരത്തില്‍ ബാറില്‍ മോഷണം നടത്തിയയാളുടെ ഷര്‍ട്ട് നിര്‍ണായക തെളിവായി

വൈശാഖിന്റെ മുഖം പതിയാത്ത ചിത്രം ലഭിച്ചു.

കൊച്ചി നഗരത്തിലെ ബാറില്‍ സിനിമാ സ്റ്റൈലില്‍ മോഷണം നടത്തിയ മുന്‍ ജീവനക്കാരന്‍ പിടിയില്‍. ബാനര്‍ജി റോഡിലുള്ള ബാറില്‍ നിന്നും കഴിഞ്ഞ മാസം 24നാണ് പത്തുലക്ഷം രൂപ മോഷണം പോയത്. ബാറിലെ മുന്‍ ജീവനക്കാരന്‍ ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍ നിന്നും 5.60 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തു. വൈശാഖിനെ ബാറില്‍ നിന്നും പിരിച്ചുവിട്ടതാണെന്നും പൊലീസ് പറഞ്ഞു. ബാറിലെ രീതികള്‍ നന്നായി അറിയാവുന്ന വൈശാഖ് 24ന് പുലര്‍ച്ചെ സ്ഥലത്തെത്തി മോഷണം നടത്തുകയായിരുന്നു. ഇതിന് മുന്നോടിയായി സിസിടിവി ക്യാമറകള്‍ സ്്രേപ പെയിന്റടിച്ചു മറച്ചു.
തലയും മുഖവും മറയ്ക്കുന്ന ഷര്‍ട്ടിട്ടാണ് പണം സൂക്ഷിക്കുന്ന മുറിയില്‍ കടന്നത്. വൈശാഖിന്റെ മുഖം പതിയാത്ത ചിത്രം ലഭിച്ചു.വസ്ത്രം നോക്കി ആളെ കണ്ടെത്താനായിരുന്നു ശ്രമം. സംശയിക്കുന്നവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് പരിശോധിച്ചു. ബാറില്‍ നിന്നും പിരിച്ചുവിട്ടയാള്‍ എന്ന നിലയില്‍ വൈശാഖിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പരിശോധിച്ചു. ഇതില്‍ നിന്ന് മോഷണ സമയത്ത് ധരിച്ചതിന് സമാന ഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രം ലഭിച്ചതോടെ പൊലീസ് പ്രതിയിലേക്കെത്തി.
മോഷ്ടിച്ചതില്‍ നാലര ലക്ഷത്തോളം രൂപ പ്രതി ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


 

facebook twitter