ദര്‍ബാര്‍ ഹാളിലെ ആര്‍ട്ട് ഗാലറിയില്‍ സ്ഥാപിച്ചിരുന്ന കലാസൃഷ്ടി നശിപ്പിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഹോചിമിന്‍, സുധാംശു എന്നിവര്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവം സംബന്ധിച്ച് ലളിതകലാ അക്കാദമി നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഫ്രഞ്ച് കലാകാരിയായ ഹനാന്‍ ബനാമറിന്റെ ഇന്‍സ്റ്റലേഷന്‍ കീറിയെറിയുകയായിരുന്നു, ദര്‍ബാര്‍ ഹാളില്‍ അന്യവല്‍കൃത ഭൂമിശാസ്ത്രങ്ങള്‍ എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഹനാന്റെ ഇന്‍സ്റ്റലേഷന്‍. ഇന്‍സ്റ്റലേഷനില്‍ അശ്ലീല ഉള്ളടക്കമുണ്ടെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു ഹോചിമിന്റെ ആക്രമണം. കലാപ്രവര്‍ത്തകനായ സുധാംശുവും ഒപ്പമുണ്ടായിരുന്നു.