പാസ്പോർട്ട് അപേക്ഷകളില്‍ ഫോട്ടോയ്ക്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ദോഹയിലെ ഇന്ത്യൻ എംബസി

12:22 PM Oct 24, 2025 | Renjini kannur

ദോഹ: പാസ്പോർട്ട് അപേക്ഷകളില്‍ ഫോട്ടോയ്ക്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ദോഹയിലെ ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവാ പോർട്ടല്‍ പുതുക്കലിന്റെ ഭാഗമായി പാസ്പോർട്ട് അപേക്ഷകരും പുതുക്കുന്നവരും ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാർഗനിർദേശങ്ങള്‍ പാലിക്കണം.

ICAOയുടെ പുതിയ മാനദണ്ഡങ്ങളനുസരിച്ച്‌ അപേക്ഷയോടൊപ്പം ചേർക്കുന്ന ഫോട്ടോയില്‍ 80-85% മുഖം, തല, തോള്‍ എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള ക്ലോസ്‌അപ്പ് ആയിരിക്കണം. 630*810 പിക്സലുകളിലുള്ള കളർ ഫോട്ടോ, ബാക്ഗ്രൗണ്ട് വെള്ള നിറത്തിലാവണം.

ചർമ്മത്തിന്റെ കളർടോണുകളില്‍ എഡിറ്റ് ചെയ്യരുത്. ഉചിതമായ വെളിച്ചവും കോണ്‍ട്രാസ്റ്റും ഉണ്ടായിരിക്കണം. മുഖത്ത് നിഴലുകള്‍ ഉണ്ടാവരുത്. കണ്ണടകളുടെ പ്രതിഫലനം ഉണ്ടാകരുത്, അത് ഒഴിവാക്കാൻ കണ്ണടകള്‍ വെക്കാതിരിക്കണം.

അപേക്ഷകന്റെ കണ്ണുകള്‍ തുറന്നതും വ്യക്തമായി കാണാവുന്നതുമാവണം, ക്യാമറയിലേക്ക് നേരിട്ട് നോക്കുന്ന രൂപത്തിലായിരിക്കണം. കണ്ണുകള്‍ക്ക് കുറുകെ രോമങ്ങള്‍ ഉണ്ടാകരുത്, കണ്ണ് ചുവപ്പായിരിക്കരുത്.

ക്യാമറയില്‍ നിന്ന് 1.5 മീറ്റർ അകലെ നിന്ന് എടുക്കണം. മതപരമായ കാരണങ്ങളാല്‍ ഒഴികെ ശിരോവസ്ത്രം ധരിക്കാൻ അനുവാദമില്ല, താടിയുടെ അടിഭാഗം മുതല്‍ നെറ്റിയുടെ മുകള്‍ഭാഗം വരെയും മുഖത്തിന്റെ രണ്ട് അരികുകളും വ്യക്തമായി കാണിച്ചിരിക്കണം.