ആണവപദ്ധതി വിഷയത്തില്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍. മധ്യസ്ഥര്‍ വഴി ചര്‍ച്ചയാകാമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ആണവവിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ ആണവ പദ്ധതികള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അയച്ച കത്തിനോട് പ്രതികരിക്കുകയായൊരുന്നു ഇറാന്‍ പ്രസിഡന്റ്. 2017-21 ലെ തന്റെ ആദ്യ ടേമില്‍, ഉപരോധ ഇളവുകള്‍ക്ക് പകരമായി ടെഹ്റാന്റെ തര്‍ക്കത്തിലുള്ള ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ പരിധികള്‍ ഏര്‍പ്പെടുത്തിയ ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ലെ കരാറില്‍ നിന്ന് ട്രംപ് യുഎസിനെ പിന്‍വലിച്ചിരുന്നു.
പുതിയ ആണവ കരാറില്‍ എത്താന്‍ ടെഹ്റാനെ പ്രേരിപ്പിച്ചുകൊണ്ട് ട്രംപ് അയച്ച കത്തിന് ഒമാന്‍ വഴിയാണ് ഇറാന്‍ മറുപടി അയച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാന്‍ പറയുന്നത് തങ്ങളുടെ ആണവ പദ്ധതി പൂര്‍ണ്ണമായും ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ്. ഇറാന്റെ മറുപടിയോട് യുഎസ് പ്രതികരിച്ചിട്ടില്ല.