+

കേരളത്തില്‍ നിന്നും 32,000ത്തോളം സ്ത്രീകളെ മതംമാറ്റിയെന്ന കള്ളപ്രചരണം നടത്തിയ സംവിധായന് ദേശീയ പുരസ്‌കാരം, മുസ്ലീങ്ങളേയും മലയാളികളേയും അധിക്ഷേപിച്ചതിന് സംഘപരിവാറിന്റെ പാരിതോഷികമോ?

മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സുദീപ്‌തോ സെന്നിന് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളം. മുസ്ലീങ്ങള്‍ പ്രണയംനടിച്ച് കേരളത്തില്‍ നിന്നും 32,000ത്തോളം പെണ്‍കുട്ടികളെ മതംമാറ്റിയെന്ന കള്ളം പ്രചരിപ്പിച്ചാണ് ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തിയത്.

കൊച്ചി: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സുദീപ്‌തോ സെന്നിന് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളം. മുസ്ലീങ്ങള്‍ പ്രണയംനടിച്ച് കേരളത്തില്‍ നിന്നും 32,000ത്തോളം പെണ്‍കുട്ടികളെ മതംമാറ്റിയെന്ന കള്ളം പ്രചരിപ്പിച്ചാണ് ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തിയത്. വിവാദമായതോടെ മൂന്നു പെണ്‍കുട്ടികളിലേക്ക് അത് ചുരുക്കേണ്ടതായിവന്നു.

വിപുല്‍ അമൃത്‌ലാല്‍ ഷാ നിര്‍മ്മിച്ച ദി കേരള സ്റ്റോറി എന്ന ഹിന്ദി ചലച്ചിത്രം റിസീല് ചെയ്തതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള ചില പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിന് വിധേയരാവുകയും തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസില്‍ ചേരുകയും ചെയ്യുന്നുവെന്ന ആഖ്യാനമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. എന്നാല്‍, സിനിമയുടെ റിലീസിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ദി കേരള സ്റ്റോറിയുടെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍, അണിയറപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് സംവിധായകന്‍ സുദീപ്‌തോ സെന്‍, ചിത്രം 32,000-ത്തോളം കേരളീയ യുവതികള്‍ മതപരിവര്‍ത്തനത്തിന് വിധേയരായി ഐ.എസ്.ഐ.എസില്‍ ചേര്‍ന്നുവെന്ന വാദം ഉയര്‍ത്തി. ഈ കണക്ക്, കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ മതപരിവര്‍ത്തനത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് സിനിമ ആരോപിക്കുന്നതിന്റെ ഭാഗമായാണ് അവതരിപ്പിക്കപ്പെട്ടത്.

ഈ വാദം വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഈ കണക്ക് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി. 32,000 എന്ന കണക്കിന് യാതൊരു ഔദ്യോഗിക അല്ലെങ്കില്‍ വസ്തുതാപരമായ തെളിവുകളും ഉണ്ടായിരുന്നില്ല. സിനിമയുടെ പ്രചാരണം കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു.

വിവാദങ്ങള്‍ ശക്തമായതോടെ, ദി കേരള സ്റ്റോറി യുടെ അണിയറപ്രവര്‍ത്തകര്‍ ട്രെയിലറിന്റെ വിവരണത്തില്‍ മാറ്റം വരുത്തി. '32,000 പെണ്‍കുട്ടികളുടെ കഥ' എന്ന വാദം, 'കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥ' എന്നാക്കി തിരുത്തി.

കൂടാതെ, സിനിമയില്‍ ചില വിവാദപരമായ സംഭാഷണങ്ങളും ഒഴിവാക്കപ്പെട്ടു. ഉദാഹരണത്തിന്, 'ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഏറ്റവും വലിയ കാപട്യക്കാര്‍' എന്ന ഡയലോഗും, 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ല' എന്ന വാചകവും ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

സുപ്രീം കോടതിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍, സംവിധായകന്‍ സുദീപ്‌തോ സെന്‍ തന്റെ വാദങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും സിനിമയുടെ തുടക്കത്തില്‍ ഒരു ഡിസ്‌ക്ലെയ്മര്‍ ചേര്‍ക്കുകയും ചെയ്തു.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ദി കേരള സ്റ്റോറി രണ്ട് പ്രധാന അവാര്‍ഡുകളാണ് നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം സുദീപ്‌തോ സെന്നിനും, മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും. ഈ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ, സിനിമയെക്കുറിച്ചുള്ള വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയായി.

ദേശീയ പുരസ്‌കാരം ദി കേരള സ്റ്റോറിക്ക് ലഭിച്ചത് കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക വിഭാഗങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ദി കേരള സ്റ്റോറി 'നുണകളാല്‍ പടുത്ത' ഒരു സിനിമയാണെന്നും, ഇത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും വിമര്‍ശിച്ചു. ഇന്ത്യന്‍ സിനിമയുടെ മതസാഹോദര്യവും ദേശീയോദ്ഗ്രഥനവും പ്രോത്സാഹിപ്പിക്കുന്ന ശ്രേഷ്ഠ പാരമ്പര്യത്തെ ഈ പുരസ്‌കാരം അവഹേളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും ഈ അവാര്‍ഡിനെതിരെ രംഗത്തെത്തി. റിയാസ്, സിനിമയെ 'കേരളത്തെ ദേശീയ തലത്തില്‍ അപമാനിക്കാന്‍' ശ്രമിച്ച 'വിഷലിപ്തമായ വര്‍ഗീയ പ്രൊപഗണ്ട' എന്നാണ് വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും, ദി കേരള സ്റ്റോറി യുടെ പുരസ്‌കാരത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ദി കേരള സ്റ്റോറി യുടെ അവാര്‍ഡ്, ബി.ജെ.പി. ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്നാണ് വിമര്‍ശകരുടെ ആരോപണം. എന്നാല്‍, ദേശീയ പുരസ്‌കാര ജൂറിയുടെ തീരുമാനം സിനിമയുടെ സാങ്കേതിക മികവിനെയും കലാപരമായ നേട്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് എന്നാണ് അവാര്‍ഡിനെ പിന്തുണക്കുന്നവര്‍ വാദിക്കുന്നത്.
 

facebook twitter