+

അണ്ണാന്‍ കടിച്ച മാങ്ങ ജോലിക്കാരി കായലിലേയ്ക്ക് വലിച്ചെറിഞ്ഞതാണ്; തെറ്റുപറ്റി'; വിശദീകരണവുമായി എം ജി ശ്രീകുമാര്‍

മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണ്. വീട് തന്റേതായതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു.

 വീട്ടില്‍ നിന്ന് കായലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയൊടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി ഗായകന്‍ എം ജി ശ്രീകുമാര്‍. അണ്ണാന്‍ കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോള്‍ തന്റെ ജോലിക്കാരി പേപ്പറില്‍ പൊതിഞ്ഞ് കായലിലേയ്ക്ക് വലിച്ചെറിഞ്ഞതാണെന്ന് എം ജി ശ്രീകുമാര്‍ പറഞ്ഞു. മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണ്. വീട് തന്റേതായതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു.

ബോള്‍ഗാട്ടിയിലെ വീട്ടില്‍ അധികസമയം ചെലവഴിച്ചിരുന്നില്ലെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു. വീടിന്റെ പരിസരത്ത് ഹരിത കര്‍മസേന ഉണ്ടായിരുന്നില്ല. അവര്‍ക്ക് നല്‍കാന്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടായിരുന്നില്ലെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു.

മുളവുകാട് പഞ്ചായത്തില്‍ ബോള്‍ഗാട്ടിക്ക് സമീപം ഗായകന്റെ കായലോരത്തെ വീട്ടില്‍ നിന്നായിരുന്നു മാലിന്യം കായലിലേയ്ക്ക് വലിച്ചെറിഞ്ഞത്. കാലയിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. മന്ത്രി എം ബി രാജേഷിനേയും ടാഗ് ചെയ്തിരുന്നു. വീഡിയോയില്‍ ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ നടക്കിയ പരിശോധനയില്‍ സംഭവം നടന്നതാണെന്ന് വ്യക്തമായി. തുടര്‍ന്ന് വീട്ടുടമയായ എം ജി ശ്രീകുമാറിന് പിഴ ചുമത്തി നോട്ടീസ് നല്‍കി. എം ജി ശ്രീകുമാറിന് വേണ്ടി ജോലിക്കാരനെത്തി പിഴത്തുകയായ 25,000 രൂപ അടയ്ക്കുകയായിരുന്നു.


പിഴ അടച്ചെങ്കിലും എം ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് ഹരിത കര്‍മസേനയ്ക്ക് മാലിന്യം നല്‍കാറില്ലെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബര്‍ പറഞ്ഞിരുന്നു. ഹരിത കര്‍മസേനയുടെ മാലിന്യശേഖരണവുമായി സഹകരിക്കാന്‍ എം ജി ശ്രീകമാറിന് കര്‍ശന നിര്‍ദേശം നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

Trending :
facebook twitter