സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ; എല്ലാ സംസ്ഥാനങ്ങളിലും അടിയന്തര പരിശോധന നടത്താൻ കേന്ദ്രം

03:36 PM Aug 19, 2025 |


ഡൽഹി: സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്കൂളുകളിലും അടിയന്തര പരിശോധന നടത്താൻ നിർദേശം നല്‍കി കേന്ദ്രസർക്കാർ.സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലെ സ്കൂളുകളില്‍ ഉപയോഗശൂന്യമായതോ ജീർണിച്ചതോ ആയ കെട്ടിടങ്ങള്‍ കണ്ടെത്താനാണ് നടപടി. പരിശോധന എത്രയും വേഗം പൂർത്തിയാക്കാൻ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദ്ദേശം നല്‍കി.

ഓഗസ്റ്റ് 7-ലെ നിർദ്ദേശപ്രകാരം, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ പൊളിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണം. യോഗ്യരായ എൻജിനീയർമാർ സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്നതുവരെ അവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികാരികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തിങ്കളാഴ്ച ലോക്സഭയില്‍ ഇക്കാര്യങ്ങളെ കുറിച്ച്‌ വ്യക്തമാക്കി.

Trending :

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ പ്രധാന നിർദേശങ്ങള്‍

ദേശീയ മാർഗനിർദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാ ഓഡിറ്റുകളിലൂടെ ജീർണിച്ചതോ ഉപയോഗശൂന്യമായതോ ആയ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനായി എല്ലാ സ്കൂള്‍ കെട്ടിടങ്ങളിലും അടിയന്തരമായി പരിശോധന നടത്തുക.

സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളോ അവയുടെ ഭാഗങ്ങളോ ആവശ്യമെങ്കില്‍ ഉടനടി അറ്റകുറ്റപ്പണി നടത്തുകയോ, ബലപ്പെടുത്തുകയോ, അല്ലെങ്കില്‍ പൊളിച്ചുമാറ്റുകയോ ചെയ്യണം. യോഗ്യരായ അധികാരികള്‍ സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്നതുവരെ ഒരു സാഹചര്യത്തിലും അത്തരം കെട്ടിടങ്ങള്‍ ക്ലാസുകള്‍ക്കായി ഉപയോഗിക്കരുത്.
പൊളിച്ചുമാറ്റിയ സ്ഥലങ്ങള്‍ മറ്റ് സ്കൂള്‍ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കാം

വലിയ അറ്റകുറ്റപ്പണികളോ പൊളിച്ചുമാറ്റലോ നടക്കുന്നയിടങ്ങളില്‍ അധ്യയന ദിനങ്ങള്‍ തടസ്സപ്പെടാതിരിക്കാൻ സുരക്ഷിതമായ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കണം.
ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറ്റകുറ്റപ്പണികളുടെയോ പൊളിച്ചുമാറ്റലിന്റെയോ പുരോഗതി നിരീക്ഷിക്കുകയും സംസ്ഥാന വകുപ്പിനും ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും (SDMA/DDMA) പ്രതിമാസ റിപ്പോർട്ടുകള്‍ സമർപ്പിക്കുകയും വേണം.

മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌, യോഗ്യരായ എൻജിനീയർമാരില്‍ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ അറ്റകുറ്റപ്പണി നടത്തിയതോ പുതുതായി നിർമ്മിച്ചതോ ആയ സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂ.