കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ചൈനയില്‍ എച്ച്എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) പടരുന്നു. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ എച്ച്എംപിവി കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അനിയന്ത്രിതമായ രീതിയിലുള്ള വൈറസ് വ്യാപനം കാരണം ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ലോകാരോഗ്യ സംഘടനയും മൗനം പാലിക്കുന്ന സാഹചര്യമാണുള്ളത്.
ചൈനയിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സ തേടുന്നത്. രാജ്യത്ത് ന്യുമോണിയ കേസുകളിലുണ്ടാകുന്ന വര്‍ധന കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായ രീതിയില്‍ മാസ്ക് ധരിക്കണമെന്നും കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്.
അതേസമയം, ചൈനയുടെ അയല്‍ രാജ്യങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോങ്കോങ്ങില്‍ എച്ച്എംപി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചൈനയിലെ സാഹചര്യങ്ങള്‍ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.