'എന്റെ സ്ഥലത്ത് പണിത ക്ഷേത്രം,എന്തിന് പൊലീസിനെ അറിയിക്കണം';9 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ വിചിത്ര വിശദീകരണവുമായി ക്ഷേത്ര സ്ഥാപകന്‍

07:49 AM Nov 03, 2025 | Suchithra Sivadas

ഏകാദശി പ്രാര്‍ത്ഥനയ്ക്കെത്തിയ ഇടത്ത് ആള്‍ക്കൂട്ടാപകടത്തെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതില്‍ വിചിത്ര ന്യായവുമായി തിരുമല വെങ്കടേശ്വര സ്വാമി ക്ഷേത്ര സ്ഥാപകന്‍. തന്റെ സ്വന്തം സ്ഥലത്താണ് ക്ഷേത്രം പണിതതെന്നും അതുകൊണ്ട് താന്‍ എന്തിനാണ് പൊലീസിനെയും ഭരണകൂടത്തെയും ഏകാദശിയുമായി ബന്ധപ്പെട്ട വിവരം അറിയിക്കുന്നതെന്നുമായിരുന്നു 94കാരനായ ഹരി മുകുന്ദ പാണ്ടയുടെ വാദം.

തനിക്കെതിരെ നിരവധി കേസുകളെടുത്തോളൂവെന്നും തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞു.

'ക്ഷേത്രത്തില്‍ പൊതുവേ കുറച്ച് പേര്‍ മാത്രമേ വരാറുള്ളു. ദേവിയുടെ ദര്‍ശനത്തിന് ശേഷം ഭക്തര്‍ പ്രസാദം വാങ്ങി തിരിച്ചുപോകും. എന്റെ പണം കൊണ്ടാണ് ഞാന്‍ ഭക്ഷണവും പ്രസാദവും ഒരുക്കുന്നത്. എന്നാല്‍ ഇന്നലെ പകല്‍ ഒമ്പത് ആകുമ്പോഴേക്കും പെട്ടെന്ന് ആള്‍ക്കൂട്ടമുണ്ടായി. പാകം ചെയ്ത പ്രസാദം കഴിഞ്ഞു. ഭക്ഷണം തയ്യാറാക്കാനുള്ള സമയവും ലഭിച്ചില്ല', അദ്ദേഹം പറഞ്ഞു.