അമേരിക്ക ലോകത്തിലെ സൂപ്പര്‍പവറായി തന്നെ നിലനില്‍ക്കും ; ജോ ബൈഡന്‍

08:13 AM Jan 14, 2025 | Suchithra Sivadas

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്കെത്താന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ അമേരിക്ക കഴിഞ്ഞ നാലുവര്‍ഷം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് വിടവാങ്ങല്‍ പ്രസംഗവുമായി ജോ ബൈഡന്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടേയും യുക്രൈന്‍ അധിനിവേശത്തിന്റേയും പശ്ചാത്തലത്തില്‍ റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളെ ബൈഡന്‍ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. 

ചൈനയ്ക്ക് ഒരു തരത്തിലും അമേരിക്കയെ മറികടക്കാനാകില്ലെന്നും അമേരിക്ക ലോകത്തിലെ സൂപ്പര്‍പവറായി തന്നെ നിലനില്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ഇസ്രയേല്‍-ഹമാസ് കരാര്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കൃത്യമായി ട്രംപിനെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബൈഡന്റെ അവസാന വിദേശനയപ്രസംഗം. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് താനെത്തുമ്പോള്‍ തകര്‍ന്ന് തരിപ്പണമായിരുന്ന അമേരിക്കയുടെ വിദേശബനധങ്ങള്‍ പുനര്‍നിര്‍മിച്ചത് തന്റെ സര്‍ക്കാരാണെന്ന് ബൈഡന്‍ പറഞ്ഞു. ഇപ്പോള്‍ അമേരിക്കയും സഖ്യകക്ഷികളും ശക്തരാണ്. എതിരാളികള്‍ ദുര്‍ബലരാണ്. നാറ്റോ സഖ്യവും ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും അമേരിക്ക കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ അമേരിക്കയ്ക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുമുണ്ടായിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. മാനവികത, സാങ്കേതികവിദ്യ, സമ്പദ്വ്യവസ്ഥ തുടങ്ങി ലോകമെങ്ങുമുണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായി അമേരിക്കയ്ക്ക് മുന്നില്‍ നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നു. എന്നാല്‍ അമേരിക്ക അതിനെയെല്ലാം വിജയിക്കുകയും അമേരിക്ക എല്ലാ മേഖലകളിലും അജയ്യരാകുകയും ചെയ്തു. വെല്ലുവിളികള്‍ക്കിടയിലും താന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ അമേരിക്കയ്ക്ക് ആഭ്യന്തരതലത്തിലും ലോകത്തിന് മുന്നിലും കരുത്ത് കാട്ടാന്‍ സാധിച്ചെന്നും ബൈഡന്‍ പറഞ്ഞു.