ഓട്ടോറിക്ഷ ഡ്രൈവറെ ചെരിപ്പൂരി അടിച്ച യുവതിയും ഭര്‍ത്താവും ഓട്ടോ ഡ്രൈവറുടെ കാല്‍ പിടിച്ച് മാപ്പ് ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളുരുവിലെ സെന്‍ട്രോ മാളിന് സമീപത്തുവെച്ച് ഓട്ടോ ഡ്രൈവറായ ലോകേഷിനെ (33) അടിച്ച പാന്‍ഖുരി മിശ്ര എന്ന യുവതിയാണ് പിന്നീട് മാപ്പ് പറഞ്ഞത്. എഞ്ചിനീയറായ യുവതി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നില്‍ പോവുകയായിരുന്നു ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടതിനെച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങള്‍.
ഗര്‍ഭിണിയായ യുവതി ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്കും ബ്രേക്കിടേണ്ടിവന്നു. ഇതിന്റെ ആഘാതത്തില്‍ താന്‍ വണ്ടിയില്‍ നിന്ന് വീണുപോവുമെന്നും തന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചേക്കുമെന്നും ഭയന്ന് ദേഷ്യം നിയന്ത്രിക്കാനാവാതെ താന്‍ പ്രതികരിച്ചു എന്നാണ് യുവതി പറയുന്നത്. ഓട്ടോ ഡ്രൈവറെ ചെരിപ്പു കൊണ്ട് അടിച്ചെങ്കിലും ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നാണ് യുവതിയുടെ വാദം.
ഓട്ടോ ഡ്രൈവറുടെ പരാതി പ്രകാരം യുവതിയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതിന് ശേഷമായിരുന്നു മാപ്പ് പറച്ചില്‍. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. യുവതിയും ഭര്‍ത്താവും സുഹൃത്തുക്കളും മര്‍ദനത്തിനിരയായ ഡ്രൈവറും അയാളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റ് ഓട്ടോ ഡ്രൈവര്‍മാരുമൊക്കെ ഉണ്ടായിരുന്നപ്പോഴായിരുന്നു ഈ മാപ്പ് പറച്ചില്‍. യുവതിയും ഭര്‍ത്താവും ഡ്രൈവറുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ കേസ് തുടരുമെന്നായിരുന്നു പിന്നീടും ഡ്രൈവറുടെ പ്രതികരണം.