+

കൊവിഡ് കേസുകളിലെ വര്‍ദ്ധനയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല ; മുഖ്യമന്ത്രി

രോഗലക്ഷണങ്ങള്‍ ഉളളവര്‍ മാസ്‌ക് ധരിക്കണമെന്നും കൊവിഡ് കേസുകളിലെ വര്‍ധന ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണങ്ങള്‍ ഉളളവര്‍ മാസ്‌ക് ധരിക്കണമെന്നും കൊവിഡ് കേസുകളിലെ വര്‍ധന ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727 ആണ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ ജെഎന്‍ വകഭേദം എല്‍എഫ് 7 ആണ് പടരുന്നത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉളളവരും പ്രായമായവരും ഗര്‍ഭിണികളും മറ്റ് രോഗങ്ങളുമുളളവരും മാസ്‌ക് ധരിക്കണം. ആരോഗ്യപ്രവര്‍ത്തകരും മാസ്‌ക് ധരിക്കണം. കൊവിഡ് കേസുകളിലെ വര്‍ധന ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കേസുകളില്‍ വര്‍ധനവുണ്ടായാല്‍ ആവശ്യമായ ആശുപത്രിക്കിടക്ക ഐസിയു കിടക്കയും ഓക്സിജന്‍ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു. എലിപ്പനി പടരുന്നതിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാനുളള ഗുളിക കഴിക്കണമെന്നും തിളപ്പിച്ചാറിയ വെളളം കുടിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Trending :
facebook twitter