+

തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി തുടര്‍ വ്യാപാര ചര്‍ച്ചകളില്ല ; ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ അടുത്തയാഴ്ച യു എ ഇ-യില്‍ കൂടിക്കാഴ്ച നടത്തും.

തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി തുടര്‍ വ്യാപാര ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പ്രതികരണം. ഓഗസ്റ്റ് അവസാന വാരം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്താനായിരുന്നു ധാരണ.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ അടുത്തയാഴ്ച യു എ ഇ-യില്‍ കൂടിക്കാഴ്ച നടത്തും. യുക്രെയ്ന്‍ വെടിനിര്‍ത്തലിനായി ട്രംപ് റഷ്യയ്ക്ക് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. പുടിന്റെ വിദേശകാര്യ ഉപദേശകന്‍ യൂറി ഉഷാകോവ് ആണ് കൂടിക്കാഴ്ചയുടെ വിവരം സ്ഥിരീകരിച്ചത്. ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതല്‍ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

facebook twitter