കുപ്രസിദ്ധ അന്തര്‍സംസ്ഥാന ട്രെയിനിലെ മോഷ്ടാവ് പിടിയില്‍

03:57 PM Jul 21, 2025 | AVANI MV

പാലക്കാട്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന ട്രെയിനിലെ മോഷ്ടാവ് പിടിയില്‍. തൃശിനാപ്പള്ളി ഗാന്ധിനഗര്‍ രാംജി നഗര്‍ ഹരിഹരനെ (28) യാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. 

ഇക്കഴിഞ്ഞ ജൂലൈ 14നാണ് കേസിനാപദമായി സംഭവം. കന്യാകുമാരി-ബെംഗളൂരു എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ നിര്‍ത്തിയിരിക്കെ രണ്ട് യാത്രികരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, പണം തുടങ്ങിയവ മോഷണം പോയി.

യാത്രികര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആര്‍.പി.എഫും റെയില്‍വേ പോലീസും അതിവിദ്ഗധമായ നടത്തിയ തിരിച്ചിലിനാണ് പ്രതിയെ തൃശിനാപ്പള്ളിയില്‍ നിന്ന് പിടികൂടിയത്. 7.8 ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തുക്കളും കണ്ടെടുത്തു. പ്രതിയെക്കുറിച്ച് യാതൊരു വിധ തെളിവുമില്ലാത്തതിനാല്‍ അന്വേഷണത്തിന് ആദ്യം വെല്ലുവിളി നേരിട്ടു. പാലക്കാട്, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതിയെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.

ഇതോടെ പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ജന്മനാടായ തൃശിനാപ്പള്ളിയില്‍ എത്തിയാണ് പിടികൂടിയത്. പ്രതിയെ രക്ഷിക്കാന്‍ പ്രാദേശികതലത്തില്‍ ശ്രമം നടത്തിയെങ്കിലും അന്വേഷണസംഘം അതിവിദ്ഗധമായി പിടികൂടുകയായിരുന്നു. തൃശിനാപ്പള്ളിയില്‍ നിയമനടപടി പൂര്‍ത്തീകരിച്ച് പ്രതിയെ ഇന്നലെ പുലര്‍ച്ചെ പാലക്കാട് എത്തിച്ചു. പാലക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങി.

ട്രെയിന്‍ യാത്രികരെ ലക്ഷ്യമാക്കി മോഷണം നടത്തുന്ന പ്രതിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കൂടുതല്‍ മോഷണകേസുകളില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്ന്്് പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ എന്‍. നവീന്‍ പ്രശാന്ത് പറഞ്ഞു.