
തിരുവല്ല : റോഡരികിലെ വെള്ളക്കെട്ടിനോട് ചേർന്ന് ചെളിയിൽ താഴ്ന്ന ബസ്സിൽ നിന്നും വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂൾ ബസ് ഡ്രൈവറുടെ സമയോജിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബസ്സിന് ഉള്ളിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തിറക്കി.
നിർമാണം പുരോഗമിക്കുന്ന കാവുംഭാഗം - ചാത്തങ്കരി റോഡിൽ പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. 25 ഓളം വിദ്യാർത്ഥികളുമായി ചാത്തങ്കരി ഭാഗത്തു നിന്നും എത്തിയ തിരുവല്ല എസ് സി എസ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. കാവുംഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ മല്ലപ്പള്ളി - ചാത്തങ്കരി റൂട്ടിൽ ഓടുന്ന ചന്ദനാട്ട് എന്ന സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ചത് മൂലം ഇടതുവശത്തേക്ക് എടുത്ത സ്കൂൾ ബസ്സിന്റെ മുൻചക്രം റോഡിൻ്റെ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ പുതയുകയായിരുന്നു.
അപകടത്തിന് ഇടയാക്കിയ ബസ് ചാത്തങ്കരിയിൽ പോയി മടങ്ങി വരും വഴി ഗ്രാമപഞ്ചായത്തംഗം റിക്കു മോനി വർഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തടഞ്ഞിട്ടു. ബസ്സിന്റെ അമിതവേഗം ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗമടക്കം ഉള്ളവരോട് ജീവനക്കാർ തട്ടിക്കയറിയതോടെ രംഗം സംഘർഷഭരിതമായി.
തുടർന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മാത്തൻ ജോസഫ് അടക്കമുള്ളവർ എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് ആറുമണിയോടെ ജെസിബി എത്തിച്ച് ബസ് കരകയറ്റി കുട്ടികളുമായി യാത്രയായി. സംഭവം അറിഞ്ഞ് പുളിക്കീഴ് പോലീസും സ്ഥലത്ത് എത്തിയിരുന്നു.