മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു

08:46 AM Sep 10, 2025 |


തിരുവനന്തപുരം : മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ തുടർന്ന് ഒരു മാസത്തിലധികം കോമയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ, ചികിത്സിച്ച ഡോക്ടർക്കെതിരെ മകൾ പോലീസിൽ പരാതി നൽകിയിരുന്നു.

തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് മെയ് 16-നാണ് എം നന്ദകുമാറിനെ എയർപോർട്ടിന് സമീപമുള്ള എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ന്യൂറോ സർജൻ ഡോ. കെ ശ്രീജിത്ത് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം നന്ദകുമാർ കോമയിലായി. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചു എന്നാണ് മകൾ പാർവതി പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, വഞ്ചിയൂർ പോലീസ് ഡോക്ടർക്കെതിരെ ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കും വിധത്തിൽ അശ്രദ്ധമായി പെരുമാറി എന്ന കുറ്റമാണ് ചുമത്തിയിരുന്നത്.

തിരുവനന്തപുരം കളക്ടർ, പിആർഡി ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള നന്ദകുമാർ, സംഖ്യാശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയിൽ പണ്ഡിതനായിരുന്നു. ജ്യോതിഷ നിർദ്ദേശങ്ങൾ നൽകുന്ന വിദഗ്ധനെന്ന നിലയിൽ വാർത്ത ചാനൽ പ്രേക്ഷകർക്ക് അദ്ദേഹം സുപരിചിതനാണ്.