ആയുഷ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന NCISM, MARBISM ഏർപ്പെടുത്തിയ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിങ്ങിന്റെ അക്രഡിറ്റേഷനിൽ രാജ്യത്തെ സർക്കാർ ആയുർവേദ കോളേജുകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് കരസ്ഥമാക്കി.
ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, അക്കാദമിക് മികവ്, പഠന-ഗവേഷണ മേഖലയിലെ മികച്ച പ്രവർത്തനം, ചികിത്സാ സംവിധാനങ്ങളുടെ കാര്യക്ഷമത, അധ്യാപക-വിദ്യാർഥി മികവ് എന്നിവ പരിശോധിച്ചാണ് ദേശീയ അംഗീകാരം നൽകുന്നത്. കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ സർക്കാർ-എയ്ഡഡ്-സ്വകാര്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന 17 ആയുർവേദ കോളേജിൽ രണ്ടാം സ്ഥാനവും ദേശീയതലത്തിൽ 19-ാം സ്ഥാനവുമാണ് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് കരസ്ഥമാക്കിയത്.