ചുമ തടയാൻ 'റം' ? ഡോക്ടർമാർ പറയുന്നത് ഇങ്ങനെ..

02:05 PM Jan 24, 2025 | Litty Peter

കുറച്ചു റമ്മിൽ ഒരിത്തിരി കുരുമുളകൊക്കെ ഇട്ടു ഒരു പിടിപിടിച്ചാൽ പനിയൊക്കെ പമ്പ കടക്കും എന്നൊക്കെയുള്ള ചില സിനിമാ ഡയലോഗുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും.. നമ്മുടെ വടക്കേ ഇന്ത്യക്കാര്‍ ഈ രീതി പിന്തുടരുന്നവരാണ്. തണുപ്പുകാലത്ത് ചുമ തടയാനാണ് അവർ റം ഒറ്റമൂലി പ്രയോഗിക്കാറുള്ളത്. കുറച്ചുവെള്ളത്തില്‍ കറുവാപ്പട്ടയും കരയാമ്പൂവും തക്കോലവും ഇട്ട് തിളപ്പിച്ച ശേഷം 30 മില്ലീ റമ്മും ചേര്‍ത്ത് കഴിക്കുന്നത് ചുമയില്‍ നിന്ന് രക്ഷനല്‍കുമെന്നാണ് പറയപ്പെടുന്നത്. ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒരു വസ്തുവാണ് റം എന്ന് പറയപ്പടുന്നുണ്ടെങ്കിലും ഈ മദ്യം മരുന്നായി ഉപയോഗിക്കുന്നതിനെ ഡോക്ടര്‍മാര്‍ പിന്തുണയ്ക്കുന്നില്ല എന്നതാണ് സത്യം.

പെട്ടെന്ന് ആശ്വാസം തോന്നുമെന്നല്ലാതെ ഇതുകൊണ്ട് അസുഖം മാറില്ലെന്നാണ് ഡോക്ടര്‍മാര്‍ അവര്‍ പറയുന്നത്. 'ചുമയോ, ജലദോഷമോ പോലുള്ള വൈറല്‍ അണുബാധകളെ ഇല്ലാതാക്കുന്നിതിനുള്ള ശാസ്ത്രീയമായ ചികിത്സാരീതിയല്ല റം സേവിക്കുന്നത്. റം സ്ഥിരമായി ഉപയോഗിക്കുന്നത് പ്രതിരോധശേഷി കുറയ്ക്കാന്‍ കാരണമാകുമെന്നും.' ന്യൂഡല്‍ഹിയിലെ ഡോ.അതുല്‍ കക്കര്‍ പറയുന്നു. തന്നെയുമല്ല ഇത് സ്ഥിരമായി കുടിക്കുന്നതിലൂടെ ശീലമായി മാറാനും സാധ്യതയുണ്ടെന്നും  അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം അസുഖങ്ങൾക്ക് മരുന്നായി റം സേവിക്കുന്നതിന് പകരം ഇതേ ഫലം നല്‍കുന്ന ഹെര്‍ബല്‍ ചായകള്‍ പരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒപ്പം നല്ലപോലെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം, ആവശ്യമായ വിശ്രമം എടുക്കുകയും വേണമെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമപ്പെടുത്തുന്നു.