ഭീകരവാദത്തെ പിന്തുണച്ചവര്‍ക്ക് അര്‍ഹിച്ച ശിക്ഷ നല്‍കും, ആണവായുധ ഭീഷണി ഈ രാജ്യത്ത് വിലപോകില്ലെന്നും പ്രധാനമന്ത്രി

08:50 AM Aug 15, 2025 | Suchithra Sivadas

79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനാ ശില്‍പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ചു.

രാജ്യത്തെ സ്ത്രീശക്തികളെ കുറിച്ചും മോദി പരാമര്‍ശിച്ചു. ദാക്ഷായണി വേലായുധനെ അനുസ്മരിച്ച മോദി ശ്യാമപ്രസാദ് മുഖര്‍ജി ജീവന്‍ ത്യജിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ വഴികാട്ടി ഭരണഘടനയാണെന്നും മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രസംഗത്തില്‍ സൂചിപ്പിച്ച മോദി സൈനികരെ അഭിനന്ദിച്ചു.

'ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ കരുത്തുകാട്ടി. 100 കിലോമീറ്റര്‍ വരെ പാകിസ്താനിലേക്ക് കടന്ന് ആക്രമിച്ചു. ഭീകരവാദികള്‍ക്ക് അര്‍ഹമായ തിരിച്ചടി നല്‍കി. ഭീകരതക്കൊപ്പം നില്‍ക്കുന്ന പാകിസ്താന്റെ ഉറക്കം നഷ്ടപ്പെട്ടു. സൈന്യം ഭീകരവാദികള്‍ക്ക് തക്ക മറുപടി നല്‍കി. ഭീകരവാദികളെയും ഭീകരവാദികളെ സഹായിക്കുന്നവരെയും ഒന്നായി കാണും', മോദി പറഞ്ഞു.

ഭീകരവാദത്തെ പിന്തുണച്ചവര്‍ക്ക് അര്‍ഹിച്ച ശിക്ഷ നല്‍കുമെന്നും ആണവായുധ ഭീഷണി ഈ രാജ്യത്ത് വിലപോകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. മതത്തിന്റെ പേരില്‍ ഭീകരര്‍ നിഷ്‌കളങ്കരെ കൊലപ്പെടുത്തിയെന്നും വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് ഇന്ത്യ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. സിന്ധുനദീജല കരാരില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

'ആണവായുധം കാണിച്ച് ഇന്ത്യയെ വിരട്ടാന്‍ ശ്രമിക്കണ്ട. പാകിസ്താനെതിരെ സ്വീകരിച്ച നിലപാടില്‍ മാറ്റമുണ്ടാകില്ല. നദികളിലെ ജലം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിനായി ഒരുപാട് മനുഷ്യര്‍ ജീവന്‍ വെടിഞ്ഞു. രാജ്യത്തിന് വേണ്ടിയാണ് അവര്‍ ജീവന്‍ വെടിഞ്ഞത്. എന്തെങ്കിലും പ്രതീക്ഷിച്ചല്ല അവര്‍ ആ പോരാട്ടത്തിന് ഇറങ്ങിയത്. രാജ്യത്തെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട വെള്ളമാണ് പാകിസ്താന് നല്‍കിക്കൊണ്ടിരുന്നത്', പ്രധാനമന്ത്രി പറഞ്ഞു.