നൈജീരിയയില്‍ ക്രിസ്തുമതത്തിന്റെ നിലനില്‍പ്പിന് ഭീഷണിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ വധിക്കപ്പെടുന്നുണ്ടെന്നും തീവ്ര ഇസ്ലാമിസ്റ്റുകളാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.
നൈജീരിയന്‍ ഭരണകൂടം നേരത്തെ നിഷേധിച്ച ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നത് ഭാവി ഉപരോധങ്ങള്‍ക്കിടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിലെ വിദഗ്ധരുടെയും ശിപാര്‍ശയിലാണ് സാധാരണഗതിയില്‍ ഈ പട്ടികയില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താറുള്ളത്. നൈജീരിയയുടെ കാര്യത്തില്‍ അത്തരം മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നൈജീരിയയുടെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്മാന്‍ റിലേ മൂറിനോടും ചെയര്‍മാന്‍ ടോം കോളെയോടും നിര്‍ദേശിച്ചതായി ട്രംപ് അറിയിച്ചു. തങ്ങള്‍ ലോകത്തിലെ ക്രിസിത്യന്‍ മതവിഭാഗങ്ങളെ സംരക്ഷിക്കാന്‍ സജ്ജരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.