തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബിവറേജ് ഷോപ്പിൽ ഷട്ടർ കുത്തിപ്പൊളിച്ച് മോഷണം. തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പിലാണ് മോഷണം നടന്നത്. 5570 രൂപ വിലവരുന്ന മദ്യമാണ് ഷോപ്പിൽ നിന്നും നഷ്ടപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെ 12.45നും 1.05നും ഇടയ്ക്കാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബിവറേജ് ഷോപ്പിന്റെ ഷട്ടർ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
ബിവറേജ് ഷോപ്പിൽ കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് തിരച്ചിൽ നടത്തുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ പണം കിട്ടാതെ വന്നതോടെ ഇയാൾ വില കൂടിയ രണ്ട് ഫുൾ മദ്യക്കുപ്പികളെടുത്ത് കടന്നുകളയുകയായിരുന്നു. സിസിടിവിയിൽ പെടാതിരിക്കാൻ ഇയാൾ തലചെരിച്ച് നടക്കുന്നതായും ചില ദൃശ്യങ്ങളിൽ കാണാം. വിവരമറിയിച്ചതിനെ തുടർന്ന് ഹിൽപ്പാലസ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.