പാലക്കാട്: ഓൺലൈൻ ട്രേഡിങ് നടത്തി പണമുണ്ടാക്കാമെന്ന് പറഞ്ഞ് അലനല്ലൂർ സ്വദേശിയിൽനിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. കയ്പമംഗലം സ്വദേശി കെ.പി. ഹൃദീഷ് ആണ് പാലക്കാട് സൈബർ ക്രൈം പൊലീസിൻറെ പിടിയിലായത്.
2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തട്ടിപ്പുകാർ പരാതിക്കാരനെ ടെലഗ്രാം വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. സൈബർ പൊലീസിൻറെ അന്വേഷണത്തിനിടെ പരാതിക്കാരന് നഷ്ടപ്പെട്ടതിലെ വലിയൊരു തുക പ്രതിയുടെ പേരിൽ മതിലകത്തെ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് പ്രതി തട്ടിപ്പ് പണം സ്വീകരിച്ചത്.
ജില്ല പൊലീസ് മേധാവി അജിത് കുമാറിൻറെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം. പ്രസാദിൻറെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, സബ് ഇൻസ്പെക്ടർ വി.ആർ. റനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എ. മുഹമ്മദ് ഫാസിൽ, ഇ.കെ. വിനോദ്, വി. ഉല്ലാസ്, ആർ. പദ്മാനന്ദ്, പി.കെ. ശരണ്യ എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷിച്ചത്. കേസിൽ നേരത്തേ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു