+

ഗുരുവായൂര്‍ ക്ഷേത്രനടയിലെ കാനയില്‍ മാലിന്യം നിറഞ്ഞു: മൂക്ക് പൊത്തി ഭക്തര്‍

ഗുരുവായൂര്‍ ക്ഷേത്രനടയിലെ കാനയില്‍ മാലിന്യം നിറഞ്ഞ് പുറത്തേക്കൊഴുകുന്നത് ഭക്തരെ ദുരിതത്തിലാക്കുന്നു. ക്ഷേത്രത്തിന് 50 മീറ്റര്‍ മാത്രം ദൂരമുള്ള ഈ വഴിയിലൂടെ ദുര്‍ഗന്ധം വമിച്ച് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയിലെ കാനയില്‍ മാലിന്യം നിറഞ്ഞ് പുറത്തേക്കൊഴുകുന്നത് ഭക്തരെ ദുരിതത്തിലാക്കുന്നു. ക്ഷേത്രത്തിന് 50 മീറ്റര്‍ മാത്രം ദൂരമുള്ള ഈ വഴിയിലൂടെ ദുര്‍ഗന്ധം വമിച്ച് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കിഴക്കേ സമൂഹമഠം റോഡിലാണ് കാന നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ കഴിഞ്ഞ 19ന് നഗരസഭ ആരോഗ്യ വിഭാഗത്തെ സമീപിച്ചിരുന്നു.

എന്നാല്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല എന്ന് കൗണ്‍സിലര്‍ പറഞ്ഞു. സമീപത്തെ ഹോട്ടലുകളില്‍നിന്നും ലോഡ്ജുകളില്‍ നിന്നുമുള്ള ശുചിമുറി മാലിന്യം കാനയിലേക്ക് ഒഴുക്കുന്നതായും കൗണ്‍സിലര്‍ ആരോപിച്ചു. കാന നിറഞ്ഞ് മാലിന്യം റോഡിലേക്ക് ഒഴുകുന്നതിനാല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് നടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഇതേ തുടര്‍ന്ന് സമീപത്തെ സ്വകാര്യ സ്ഥാപനം തൊഴിലാളികളെ ഉപയോഗിച്ച് കാനയിലെ മാലിന്യം പുറത്തേക്ക് കോരിയിട്ടു. ഇതോടെ ക്ഷേത്ര പരിസരത്ത് ദുര്‍ഗന്ധം രൂക്ഷമായി. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പിന്നീട് തൊഴിലാളികള്‍ മാലിന്യം നീക്കം ചെയ്തു. ഈ അവസരത്തില്‍ നഗരസഭാ നോക്കുകുത്തിയാണെന്നും ശോഭ ആരോപിച്ചു.

അനുമതിയില്ലാതെ കാന പൊളിച്ച് മാലിന്യം വൃത്തിയാക്കിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പരിഹരിക്കാത്ത ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കണം. കാനയിലേക്ക് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരേയും നടപടി വേണം. ഇക്കാര്യങ്ങളില്‍ നഗരസഭ അലംഭാവം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.
 

facebook twitter