കൊച്ചി: കമൽ ഹാസനും മണി രത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച 'തഗ് ലൈഫ്' എന്ന ചിത്രം തിയേറ്ററുകളിൽ വൻ പരാജയമായതിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. ജൂൺ 5 തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ഗ്യാങ്സ്റ്റർ ചിത്രം ഒരുമാസം തികയുന്നതിന് മുൻപ് ജൂലൈ 3-ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചെങ്കിലും പ്രേക്ഷകർക്ക് പ്രതീക്ഷിച്ച ആവേശം പകർന്നു നൽകാൻ കഴിഞ്ഞില്ലെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
മണി രത്നം-കമൽ ഹാസൻ കൂട്ടുകെട്ടിന്റെ 'നായകൻ' (1987) ഒരു ക്ലാസിക് ചിത്രമാണ് ആ കൂട്ടുകട്ടിന് 'തഗ് ലൈഫ്' ഒരു ഗംഭീര തിരിച്ചുവരവായിരിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തിയേറ്ററുകളിൽ ചിത്രം നിരാശപ്പെടുത്തിയതിന് പിന്നാലെ, നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരിൽ നിന്ന് നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്.
"തഗ് ലൈഫ് ഒരു വലിയ നിരാശയാണ്. തിരക്കഥ വളരെ ദുർബലമാണ്, കഥാപാത്രങ്ങളുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല," എന്നാണ് ഒരു എക്സ് ഉപയോക്താവ് കുറിച്ചത്. മറ്റൊരാൾ, "പ്രൊമോ വീഡിയോയ്ക്ക് പോലും ചിത്രത്തെക്കാൾ മികച്ച കഥയുണ്ട്" എന്ന് പരിഹസിച്ചു.
'തഗ് ലൈഫ്' രംഗരായ ശക്തിവേൽ നായ്ക്കർ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്, കമൽ ഹാസനാണ് ഈ വേഷത്തിൽ. സിലമ്പരസൻ ടി.ആർ, തൃഷ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, നാസർ, അശോക് സെൽവൻ, മഹേഷ് മഞ്ജരേക്കർ, അലി ഫസൽ എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ട്.
എ.ആർ. റഹ്മാന്റെ സംഗീതവും രവി കെ. ചന്ദ്രന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ ഹൈലൈറ്റുകളായിരുന്നു. എങ്കിലും, കഥയുടെ ദൈർഘ്യവും പുതുമയില്ലായ്മയും പ്രേക്ഷകരെ അസംതൃപ്തരാക്കി. "കമൽ ഹാസന്റെ പ്രകടനം മികച്ചതാണ്, പക്ഷേ രണ്ടാം പകുതിയിലെ നീണ്ട മോണോലോഗുകൾ ശരിക്കും ബോറടിപ്പിക്കും" എന്ന് മറ്റൊരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു.
'തഗ് ലൈഫ്' തിയേറ്റർ റിലീസിന് മുമ്പ് തന്നെ വിവാദങ്ങളിൽപ്പെട്ടിരുന്നു. "കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്" എന്ന കമൽ ഹാസന്റെ പരാമർശം കർണാടകയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇതേത്തുടർന്ന് ചിത്രം കർണാടകയിൽ പ്രദർശിപ്പിക്കുന്നത് വിലക്കുകയും ചെയ്തു. കേന്ദ്ര ഫിലിം സെർട്ടിഫിക്കേഷൻ ബോർഡിന്റെ അനുമതി ഉണ്ടായിരുന്നിട്ടും, നിർമാതാക്കൾ കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.
നെറ്റ്ഫ്ലിക്സിൽ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ജൂലൈ 3 മുതൽ 'തഗ് ലൈഫ്' സ്ട്രീമിംഗ് ആരംഭിച്ചത്. എട്ട് ആഴ്ചത്തെ തിയേറ്റർ വിൻഡോ ലംഘിച്ച് 28 ദിവസങ്ങൾക്ക് ശേഷം ഒടിടി റിലീസ് നടത്തിയതിന് നിർമാതാക്കൾക്ക് 25 ലക്ഷം രൂപ പിഴയും ലഭിച്ചിരുന്നു. അതേ സമയം "തഗ് ലൈഫ് ഒരു മോശം കാഴ്ചയല്ല," എന്ന് ചില നെറ്റിസൺസ് അഭിപ്രായപ്പെട്ടെങ്കിലും മൊത്തത്തിലുള്ള പ്രതികരണം നെഗറ്റീവ് ആണ്.
കമൽ ഹാസന്റെ ശക്തമായ പ്രകടനവും എ.ആർ. റഹ്മാന്റെ സംഗീതവും ഉണ്ടായിരുന്നിട്ടും, 'തഗ് ലൈഫ്' പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ ഒടിടിയിലുംപരാജയപ്പെട്ടു എന്ന് വ്യക്തമാകുകയാണ്.