ന്യൂഡൽഹി: ഇടിമിന്നൽ രണ്ടര മണിക്കൂർ മുൻപേ അറിയാൻ സാധ്യമാകുന്ന സാങ്കേതികവിദ്യയുമായി ഇസ്രോ. രാജ്യത്തുടനീളം ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇസ്രോ വികസിപ്പിച്ചെടുത്തത്. ഇസ്രോയുടെ നാഷണൽ റിമോർട്ട് സെൻസറിംഗ് സെന്ററാണ് വികസിപ്പിച്ചത്. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നലുകൾ മനുഷ്യജീവിന് ആപത്താകുന്ന സാഹചര്യങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്നാണ് ഇത്തരമൊരു സാങ്കേതികവിദ്യ കൊണ്ടുവരാൻ ഇസ്രോ തീരുമാനിച്ചത്.
ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. ഇൻസാറ്റ് ത്രീഡി ഉപഗ്രഹം ശേഖരിച്ച ഓട്ട്ഗോയിഗ് ലോംഗ് വേവ് റേഡിയേഷൻ ഡാറ്റയിൽ മിന്നൽ സിഗ്നേച്ചറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇൻസാറ്റ് സീരിസ് ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ നിരീക്ഷണങ്ങൾ ഉപയോഗപ്പെടുത്തി മിന്നൽ സൂചകങ്ങൾ കണ്ടെത്താനും തിരിച്ചറിയാനും ശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നു.
ഈ സംവിധാനം മിന്നലിന്റെ വ്യതിയാനം കൃത്യമായി മനസിലാക്കുകയും രണ്ടര മണിക്കൂറിന് മുമ്പ് ഇടിമിന്നൽ സൂചന നൽകുകയും ചെയ്യും. ഇസ്രോയുടെ കണ്ടെത്തൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കും സഹായകമായിരിക്കും. ഈ സാങ്കേതികവിദ്യ വരുന്നതോടെ ഇടിമിന്നലിന്റെ മുന്നൊരുക്കൾ സ്വീകരിച്ച്, അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.