
പാലക്കാട്: മംഗലം ഡാം രണ്ടാം പുഴക്ക് സമീപം കടുവ പിടിച്ചതായി കരുതുന്ന മാനിന്റെ ജഡം കണ്ടെത്തി. രണ്ടാംപുഴ വെറ്റിലത്തോട് സ്വകാര്യ തോട്ടത്തിലാണ് മാനിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ തോട്ടത്തില്‍ ടാപ്പിങിന് പോയ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടത്. വിവരമറിയച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കടുവയാണോ പുലിയാണോ ചെന്നായയാണോ മാനിനെ പിടിച്ചതെന്ന് പറയാന്‍ പാകത്തിനുള്ള തെളിവുകളൊന്നും പരിശോധനയില്‍ ലഭിച്ചിട്ടില്ലെന്നും മേഖലയില്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തി മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഒരാഴ്ചയായി പരിസര പ്രദേശങ്ങളില്‍ പല ഭാഗത്തായും കടുവയെ പലരും നേരിട്ട് കണ്ടിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച രാത്രി 11 മണിയോടെ വെറ്റിലത്തോട് പാലത്തിന് സമീപം കടുവ റോഡിലൂടെ നടന്നു പോകുന്നത് കണ്ടെന്ന് കടപ്പാറ വള്ളി മല ഷിബിന്‍ പറഞ്ഞു.
ആശുപത്രിയില്‍ പോയി തിരിച്ചു പോകുകയായിരുന്നു ഷിബിനും അമ്മ സാലിയും. കടപ്പാറ താന്നിക്കല്‍ ജയിംസിന്റെ വളര്‍ത്തുനായയെയും കടുവ പിടിച്ചു കൊണ്ടു പോയി. മാനിനെ പിടിച്ചത് കടുവ തന്നെയാണെന്നും ഒരാഴ്ചയായി ജനങ്ങള്‍ വലിയ ഭയപ്പാടിലാണെന്നും അടിയന്തിരമായി കൂട് സ്ഥാപിച്ച് കടുവയെ പിടി കൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വാര്‍ഡ് മെംബര്‍ ബീന ഷാജി ആവശ്യപ്പെട്ടു.