പരസ്യമായി ചുംബിച്ച് ടിക് ടോക് താരങ്ങള്‍ ; രണ്ടു മാസത്തിനകം വിവാഹിതരാകണമെന്ന് കോടതി

12:55 PM Oct 25, 2025 |


പരസ്യമായി ചുംബിച്ച് അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച രണ്ട് ടിക് ടോക് താരങ്ങളോട് ഉടന്‍ വിവാഹിതരാകാന്‍ ഉത്തരവിട്ട് കോടതി. നൈജീരിയയിലെ പ്രമുഖ നഗരമായ കാനോയിലാണ് സംഭവം. ടിക് ടോക് സെലിബ്രിറ്റികളായ രണ്ടുപേര്‍ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.


ഇദ്രിസ് മായ് വോഷിരിയും ബസിറ യാര്‍ ഗൗഡ എന്ന യുവതിയും ചുംബിക്കുന്ന വീഡിയോയാണ് പ്രചരിക്കപ്പെട്ടത്. താരതമ്യേന ഉയരം കുറഞ്ഞ ബസിറ യാര്‍ ഗൗഡയെ ഇദ്രിസ് കെട്ടിപിടിക്കുന്നതും കാറില്‍ ഒന്നിച്ച് സഞ്ചരിക്കുന്നതുമെല്ലാം ഇരുവരും ചേര്‍ന്ന് പുറത്തുവിട്ടിരുന്നു. ഇതു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറലാകുകയും ചെയ്തു.


തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കോടതി അറുപത് ദിവസത്തിനുള്ളില്‍ ഇരുവരും വിവാഹിതരാകണം എന്ന് ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഹിസ്ബ എന്നറിയപ്പെടുന്ന പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും വിവാഹത്തിന് സമ്മതിച്ചിട്ടുണ്ട്.