ഹൈദരാബാദ്: പള്ളിയിൽ പോയി പ്രാർഥിച്ചതിന് തിരുമല തിരുപ്പതി ദേവസ്ഥാനം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എ. രാജശേഖർ ബാബുവിനെ സസ്പെൻഡ് ചെയ്തു. തിരുപ്പതി ദേവസ്വത്തിലെ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ. രാജശേഖർ ബാബുവിൻറെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരിൽ എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് തിരുപ്പതി ദേവസ്ഥാനത്തിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തിരുപ്പതി ജില്ലയിലെ വെങ്കിടേശ്വര ക്ഷേത്ര ഭരണസമിതി പ്രസ്താവനയിൽ പറയുന്നു.
രാജശേഖർ ബാബു എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തുവെന്നാണ് ആരോപണം. തിരുപ്പതി തിരുമല ദേവസ്ഥാനത്തിൻറെ പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാജശേഖർ പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ഇത് ടി.ടി.ഡി മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ആരോപണങ്ങളെ സാധൂകരിക്കുന്ന റിപ്പോർട്ടും മറ്റ് തെളിവുകളും ടി.ടി.ഡി വിജിലൻസ് വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് രാജശേഖർ ബാബുവിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചത്. രാജശേഖർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. നേരത്തെ സമാനമായ കാരണങ്ങളാൽ അധ്യാപകർ, സാങ്കേതിക ഉദ്യോഗസ്ഥർ, നഴ്സുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 18 ജീവനക്കാരെ ദേവസ്ഥാനം സ്ഥലം മാറ്റിയിരുന്നു.