ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടന്‍ കലകളുമായി വലിയ ആഘോഷമാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. വന്‍ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം ദര്‍ശനം ലഭ്യമാക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയര്മാന് അറിയിച്ചു. പുലര്‍ച്ചെ മൂന്നുമണിക്ക് നിര്‍മ്മാല്യ ദര്‍ശനത്തോടെ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകള്‍ തുടങ്ങി. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ നടക്കുക. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടന്‍ കലകളും എല്ലാം കോര്‍ത്തിണക്കി ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര സന്നിധി അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാകും.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും അഷ്ടമിരോഹിണിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങള്‍ ഉണ്ട്. സമൂഹസദ്യ രാവിലെ പത്തരയ്ക്ക് ദേവസ്വം മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടക്കരകളില്‍ നിന്നുള്ളവരും ക്ഷേത്രാങ്കണത്തില്‍ എത്തും. അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ വിഭവങ്ങള്‍ ചേര്‍ത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങള്‍ക്കും തെക്ക് ഭാഗത്ത് ഭക്തര്‍ക്കുമാണ് സദ്യ വിളമ്പുന്നത്.