10 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; പ്രതിക്ക് 64 വർഷം കഠിന തടവ്

06:30 PM May 15, 2025 | Neha Nair

തിരുവനന്തപുരം : 10 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 64 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.രേഖയാണ് 45 വയസ്സുകാരന് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 8 വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

2019 സെപ്റ്റംബർ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ ബന്ധു മരിച്ച ദിവസം സംസ്‌കാരം കഴിഞ്ഞ് വീടിന്റെ മുകൾ ഭാഗത്ത് ഇരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ കൈകൊണ്ട് വാ പൊത്തി പിടിച്ചതിന് ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇയാൾ അനാവശ്യമായി സ്പർശിച്ചതായി കുട്ടി അമ്മൂമ്മയോട് പറയുകയും അമ്മൂമ്മ അവിടെവച്ച് പ്രതിയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒന്നര വർഷം കഴിഞ്ഞ് സ്‌കൂളിൽ കൗൺസിലിങ് നടത്തിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ പ്രതിയെ കുട്ടിയുടെ അമ്മ മൊബൈൽ ഫോൺ കൊണ്ട് കോടതി വളപ്പിൽ വെച്ച് മർദിച്ചിരുന്നു.