+

ആദിവാസി ഗോത്ര മേഖലകളിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ

ആദിവാസി-ഗോത്ര മേഖലകളിലെ ടൂറിസം സാധ്യതകളുടെ പ്രാധാന്യമുൾക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല ഊരുകൂട്ട സംഗമം  നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇടുക്കി : ആദിവാസി-ഗോത്ര മേഖലകളിലെ ടൂറിസം സാധ്യതകളുടെ പ്രാധാന്യമുൾക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല ഊരുകൂട്ട സംഗമം  നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടുക്കിയുടെ വരുംകാല വികസനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് ചെറുതും വലുതുമായ ടൂറിസം പദ്ധതികളിലാണ്. അതിൽ ഇവിടുത്തെ ട്രൈബൽ സെറ്റിൽമെൻ്റുകൾക്ക് വലിയ പ്രാധാന്യമുണ്ട്. മറ്റൊരിടത്തും കാണാൻ കഴിയാത്ത തരത്തിൽ പരമ്പരാഗത ആചാരങ്ങളും രീതികളും ചിന്തകളും അന്യം നിന്നു പോകാതെ സംരക്ഷിക്കുന്ന സംസ്കൃതിയുള്ള ഒരു ജനവിഭാഗം ഇവിടെയുണ്ട്. ഇതിനെയെല്ലാം ഒരു പഠനവിഷയമാക്കാൻ കഴിയുന്ന തരത്തിൽ ഒരു മ്യൂസിയം യാഥാർഥ്യമാക്കണം. 25 ഏക്കർ സ്ഥലത്ത് ഇറിഗേഷൻ മ്യൂസിയം പദ്ധതി പൂർത്തീകരിച്ചു.സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. ജലവിഭവ വകുപ്പും ടൂറിസവുമായി ബന്ധപ്പെട്ട സെമിനാർ ഇടുക്കിയിലാണ്.

കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഒൻപതിനായിരത്തോളം പട്ടികവർഗ കുടുംബങ്ങൾക്ക് 8500 ഏക്കറിലേറെ ഭൂമി നൽകി. സംസ്ഥാന സർക്കാർ പട്ടികവർഗ മേഖലയ്ക്കായി 6500 കോടി രൂപ മാറ്റി വച്ചു. ഇതിൽ 4800 കോടിയോളം ചെലവഴിച്ചു. ദേശീയ ശരാശരിയേക്കാൾ അധികമാണിത്. ദേശീയ തലത്തിൽ ജനസംഖ്യയിൽ എട്ട് ശതമാനത്തോളം വരുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക് മൂന്നര ശതമാനമാണ് പദ്ധതി വിഹിതം. എന്നാൽ കേരളത്തിൽ 1.43 ശതമാനം വരുന്ന ഈ ജനവിഭാഗത്തിന് 2.75 ശതമാനത്തിലേറെയാണ് പദ്ധതി വിഹിതമായി സംസ്ഥാനം മാറ്റിവയ്ക്കുന്നത്. ഇതിൽ നിന്ന് തന്നെ സർക്കാർ ഈ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം മനസിലാക്കാമെന്നും മന്ത്രി പറഞ്ഞു..

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ ഊരുകളിലും സംഘടിപ്പിക്കുന്ന പ്രത്യേക ഊരുത്സവങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ വിശിഷ്ടാതിഥിയായിരുന്നു.

അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വിനോദ് കെ.എസ്, ജില്ലാ പഞ്ചായത്ത് അംഗം രാജേന്ദ്രന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം സെല്‍വരാജന്‍ ടി. ആര്‍, അറക്കുളം ഗ്രാമ പഞ്ചായത്ത് അംഗം ഗീത തുളസീധരന്‍, എം.ജി യൂണിവേഴ്സിറ്റി ജോയിൻ്റ് രജിസ്ട്രാര്‍ പി.കെ.സജീവ്, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗങ്ങളായ സി. പി. കൃഷ്ണന്‍,സി ആര്‍. ദിലീപ് കുമാര്‍, കെ. എ. ബാബു, നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സജു എം.സെബാസ്റ്റ്യന്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി.അനില്‍കുമാര്‍, മല അരയ സഭ വൈസ് പ്രസിഡൻ്റ് രാജൻ പി.എ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടിയിൽ വനാവകാശ രേഖകളുടെ വിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഗോത്രവിഭാഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികളെയും എസ്. എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.
തുടര്‍ന്ന്  പട്ടിക വര്‍ഗ്ഗ വികസനം-ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.

facebook twitter