കാമ്രി സെഡാൻ്റെ വില കുത്തനെ കൂട്ടി ടൊയോട്ട. 50,000 രൂപയുടെ വില വർധനയാണ് കാറിന് ഇപ്പോൾ ടൊയോട്ട കിർലോസ്കർ മോട്ടർ വരുത്തിയിരിക്കുന്നത്. ഇതോടെ കാമ്രിയുടെ പുതിയ എക്‌സ്-ഷോറൂം വില 48.50 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്.
2024 ഡിസംബറിലാണ് കാമ്രി ലോഞ്ച് ചെയ്തത്. 48 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലായിരുന്നു വിപണിയിൽ ഈ സെഡാനെത്തിയത്. പെട്രോൾ-ഹൈബ്രിഡ് ‘എലഗന്റ്’ എന്ന ഒറ്റ വേരിയന്റിൽ തുടർന്നും ഈ മോഡൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം പ്ലാറ്റിനം വൈറ്റ് പേൾ എക്സ്റ്റീരിയർ നിറം തെരഞ്ഞെടുത്ത് വാങ്ങുന്നവർ 15,000 രൂപ കൂടി അധികമായി നൽകേണ്ടിവരും. ഇതോടെ ഈ വേരിയൻ്റിൻ്റെ വില 48.65 ലക്ഷമാകും.
കാമ്രിയുടെ ഏറ്റവും പുതിയ പതിപ്പിന് ഒരു പുതിയ രൂപകൽപ്പനയും നിരവധി സവിശേഷതകളും ലഭിക്കുന്നുണ്ട്. ആംഗുലർ ഹെഡ്‌ലൈറ്റുകളും ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇതിന് മുമ്പത്തേക്കാൾ സ്‌പോർട്ടിയർ ലുക്ക് നൽകുന്നുണ്ട്. പിൻഭാഗവും കൂടുതൽ ഭംഗിയുള്ളതും മിനിമലിസ്റ്റുമായ ടെയിൽ ലാമ്പുകൾ ഉപയോഗിച്ച് പുതുക്കിയിട്ടുണ്ട്.
കാമ്രിയിൽ ഹൈബ്രിഡ് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.4 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. കാറിന്റെ എഞ്ചിന് പരമാവധി 230 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയും. കാറിന്റെ എഞ്ചിൻ ഇ-സിവിടി ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 25.49 കിലോമീറ്റർ മൈലേജ് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ചെറിയ എൽഇഡി ഹെഡ് ലാമ്പുകൾ, യു-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഇടുങ്ങിയ ഗ്രില്ല്, സിആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ ബോൾഡായിട്ടുള്ള പുതിയ ക്യാരക്ടർ ലൈൻ, പുനർരൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് കാറിൻ്റെ എക്സ്റ്റീരിയറിനെ ഗംഭീരമാക്കുന്നത്.
ഇൻ്റീരിയറിലേക്ക് വന്നാൽ, 9 എയർ ബാഗുകളുള്ള കാറിൽ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോട് കൂടിയ നവീകരിച്ച ഡാഷ്ബോർഡ് ഡിസൈൻ കാമ്രിയിൽ കാണാൻ സാധിക്കും. ഒമ്പത് സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, ഡിജിറ്റൽ കീ ഫംഗ്ഷണാലിറ്റി തുടങ്ങിയവും ഇതിലുണ്ട്. കാൽനടയാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പ്രീ-കൊളിഷൻ സിസ്റ്റം, റഡാർ അധിഷ്ഠിത ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, രാത്രിയിൽ മികച്ച കാഴ്ച്ചക്കായി ഓട്ടോമാറ്റിക് ഹൈ ബീം എന്നിവയടങ്ങുന്ന ടൊയോട്ടയുടെ സേഫ്റ്റി സെൻസ് 3.0 സ്യൂട്ടും സെഡാനിലുണ്ട്