കണ്ണൂർ : കണ്ണൂർ തെക്കി ബസാറിൽ ട്രാഫിക്ക് പൊലിസ് ഏർപ്പെടുത്തിയ ട്രാഫിക്ക് പരിഷ്ക്കരണം വാഹന യാത്രക്കാർക്ക് വിനയായി മാറുന്നു. ഒരു മാസം മുൻപാണ് ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക്ക് പൊലിസ് പുതിയ പരിഷ്കരണമേർപ്പെടുത്തിയത്. ദേശീയപാതയിൽ തെക്കി ബസാർ മിൽമാ ബുത്ത് റോഡു വഴി റോഡ് ക്രോസ് ചെയ്തു കക്കാട് - താണ ലക്ഷ്മി റോഡിലേക്ക് തെറ്റി പോകുന്ന വാഹനങ്ങൾ 200 മീറ്ററോളം മുന്നോട്ടു പോയിയുടേൺ വഴി ചെറു റോഡിലൂടെ വഴിതിരിഞ്ഞു കക്കാട് റോഡിലേക്ക് കയറണമെന്നായിരുന്നു നിർദ്ദേശം.
ഇതുപ്രകാരം നേരത്തെയുണ്ടായ വഴി അടയ്ക്കുകയും ചെയ്തു. ഇതിൻ്റെ ഫലമായി ദേശീയപാതയിൽ പുതിയ തെരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വഴി തെറ്റുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുകയും കണ്ണൂരിൽ നിന്നും പുതിയ തെരുഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എ.കെ.ജി , കൊയിലി , പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് എന്നിവടങ്ങളിലെക്ക് അത്യാസന്ന യുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ ക്യുവിൽ കുടുങ്ങി നിൽക്കുന്ന സാഹചര്യമാണുള്ളത്. ട്രാഫിക്ക് പൊലിസ് ഡ്യൂട്ടിക്കുണ്ടെങ്കിലും ഇതുകൊണ്ടൊന്നും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനുള്ള സാഹചര്യമുണ്ടാകുന്നില്ല.
മാത്രമല്ല യൂടേണെടുത്ത് കക്കാട് റോഡ് ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപെടെയുള്ളവർ അപകട ഭീഷണിയിലാണ്. റോഡ് മുറിച്ചു കടന്ന് അപ്പുറവും ഇപ്പുറവും പോകുന്ന വഴി യാത്രക്കാർക്ക് സീബ്രാ ലൈനിലൂടെ പോലും മറുകരപറ്റാൻ കഴിയുന്നില്ല.എത്രയും പെട്ടെന്ന് സ്ഥിരം അപകടകരമായ ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ട്രാഫിക്ക് പരിഷ്കരണം പിൻവലിച്ചു പഴയ പടി തന്നെയാക്കണമെന്ന ആവശ്യവും ശക്തമാണ്.