ശബരിമലയിലടക്കം വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

04:17 PM Dec 24, 2024 | Litty Peter

ശബരിമല: ശബരിമലയിൽ അടക്കം വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ പ്രതിവർഷം 2.5 ലക്ഷം  മെഗാ വാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. ഇതിനായി കെഎസ്ഇബിക്ക് ഭീമമായ തുകയാണ് ബിൽ ഇനത്തിൽ നൽകുന്നത്. 

ഇത് ഒഴിവാക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായാണ് ബോർഡ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി സിയാൽ എംഡിയുമായി ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു. 

മുഖ്യമന്ത്രി അധ്യക്ഷനായ സിയാലിന്റെ ഡയറക്ടർ ബോർഡ് യോഗം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. മകരവിളക്കിന് മുമ്പായി സിയാലിന്റെ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സംഘം ഇതു സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കാൻ ശബരിമലയിൽ എത്തും. 

10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സ്പോൺസർ ചെയ്യുന്നതിന് ഉള്ള സന്നദ്ധത ഫെഡറൽ ബാങ്ക് അടക്കമുള്ളവർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. വൈദ്യുതി ഇനത്തിൽ ലഭിക്കുന്ന തുക ഭക്തരുടെ സേവനത്തിനായി ചെലവഴിക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. ശബരിമലക്കു ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 26 മേജർ ക്ഷേത്രങ്ങളിലും പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പി എസ് പ്രശാന്ത് പറഞ്ഞു.