ന്യൂഡല്‍ഹി: ഐപിഎല്‍ 2025 ലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു കഴിഞ്ഞദിവസം നടന്ന ഡല്‍ഹി കാപിറ്റല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം. വമ്പന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടെ ഡല്‍ഹി സമ്മര്‍ദ്ദത്തിലായെങ്കിലും അവസാന ഓവറുകളിലെ തകര്‍പ്പന്‍ പ്രകടനം അവരെ വിജയത്തിലേക്ക് നയിച്ചു.
കളിയുടെ ഗതിമാറ്റുമെന്ന് കരുതിയ ഒരു സംഭവം ആരാധകരെ അമ്പരപ്പിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിലെ 13-ാം ഓവറില്‍, ട്രിസ്റ്റ്യന്‍ സ്റ്റബ്സ് പുറത്തായത് ഐപിഎല്ലിലെ പുതിയ നിയമത്തിലൂടെയാണ്. സിദ്ധാര്‍ത്ഥിനെ രണ്ട് സിക്സറുകള്‍ക്ക് പറത്തിയതിന് പിന്നാലെയാണ് സ്റ്റബ്‌സ് പുറത്താകുന്നത്.
കളിയുടെ 10-ാം ഓവറിന് ശേഷം മറ്റൊരു പന്തെടുക്കാമെന്ന നിയമമാണ് ബൗളര്‍ക്ക് അനുകൂലമായത്. മഞ്ഞുവീഴ്ചയുണ്ടായാല്‍ പന്ത് നനയുകയും ബൗളര്‍ക്ക് നിയന്ത്രണം നഷ്ടമാവുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് പുതിയ പന്തെടുക്കാമെന്ന നിയമം കൊണ്ടുവന്നത്.
മഞ്ഞുവീഴ്ച മൂലം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ആനുകൂല്യമുണ്ടെന്ന പരാതിയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന്, രണ്ടാമത് പന്തെറിയുന്ന ടീമിന് പത്താം ഓവറിന് ശേഷം ഒരിക്കല്‍ പന്ത് മാറ്റാന്‍ അമ്പയറോട് അഭ്യര്‍ത്ഥിക്കാം. മഞ്ഞു വീഴുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, ബൗളിംഗ് ക്യാപ്റ്റന് ഈ അഭ്യര്‍ത്ഥന നടത്താം.
ക്യാപ്റ്റന്‍ അഭ്യര്‍ത്ഥന നടത്തിക്കഴിഞ്ഞാല്‍, അമ്പയര്‍മാര്‍ നിര്‍ബന്ധമായും സമാന തേയ്മാനമുള്ള മറ്റൊരു പന്ത് തെരഞ്ഞെടുക്കും. പകരം പന്ത് തിരഞ്ഞെടുക്കാന്‍ ബൗളിംഗ് ടീമിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. ഇത് അമ്പയറുടെ ചുമതലയാണ്.
നനവില്ലാത്ത പന്ത് എത്തിയതോടെയാണ് സ്റ്റബ്‌സ് പുറത്താകുന്നത്. സിദ്ധാര്‍ത്ഥിന് പന്തില്‍ ഗ്രിപ്പ് ലഭിച്ചതോടെ സ്റ്റബ്‌സിനെ പുറത്താക്കാന്‍ സാധിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം 21 പന്തില്‍ 34 റണ്‍സ് എടുത്തിരിക്കെയാണ് പുറത്തായത്.