തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ‌ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

08:54 PM Feb 04, 2025 | Neha Nair

തിരുവനന്തപുരം: പരിശോധനയിൽ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 144 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ‌ എക്‌സൈസ് റേഞ്ച് സർക്കിൾ ഓഫീസ് സക്വാഡും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

കേരള എക്സ്പ്രസിന്‍റെ ടോയ്‌ലെറ്റിന്‍റെ വാതിലിന് മുകളിലായി ലേഡീസ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. പിടിച്ചെടുത്ത മയക്കുമരുന്നിന് പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. ഇതിൽ 98 ഗ്രാം മഞ്ഞ എംഡിഎംഎയും ബാക്കി വെള്ളയുമായാണ് വച്ചിരുന്നത്. അതേസമയം ദീർഘദൂര ട്രെയ്നുകളിൽ സാധാരണ നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായിരുന്നു ഇന്നലെയും പരിശോധന നടത്തിയത്. ആരാണ് കൊണ്ടുവന്നതെന്ന് തിരിച്ചറിയാനായിട്ടില്ല.