
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം പുതിയ താരിഫുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്തിലേക്കുള്ള തപാൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (യുപിയു) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയിലേക്കുള്ള തപാൽ ഗതാഗതത്തിൽ 80% ത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. പുതിയ നിയമം വന്നതോടെ ലോകമെമ്പാടുമുള്ള 88 പോസ്റ്റൽ ഓപ്പറേറ്റർമാർ അമേരിക്കയിലേക്കുള്ള സേവനങ്ങൾ പൂർണമായോ ഭാഗികമായോ നിർത്തിവച്ചിരിക്കുകയാണ്.
ജൂലൈ അവസാനമാണ്, അമേരിക്കൻ സർക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ചെറിയ പാക്കേജുകൾക്കുള്ള നികുതി ഇളവ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 29 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു, ഇതാണ് ആഗോള തപാൽ സേവനങ്ങളിൽ വ്യാപകമായ തടസ്സത്തിന് കാരണമായത്.
ഈ നീക്കം കാരണം ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ തപാൽ സേവനങ്ങൾ അമേരിക്കയിലേക്കുള്ള പാഴ്സലുകൾ സ്വീകരിക്കുന്നത് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചു. ജർമ്മനിയുടെ ഡച്ച് പോസ്റ്റ്, ബ്രിട്ടന്റെ റോയൽ മെയിൽ തുടങ്ങിയ പ്രധാന സേവനദാതാക്കളും ഈ പട്ടികയിലുണ്ട്.
ആഗോളതലത്തിൽ തപാൽ സഹകരണത്തിന് മേൽനോട്ടം വഹിക്കുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യുപിയുവിന്റെ കണക്കനുസരിച്ച്, ഓഗസ്റ്റ് 29-ന് യുഎസിലേക്കുള്ള തപാൽ ഗതാഗതം ഒരാഴ്ച മുൻപത്തെക്കാൾ 81% കുറവാണ് രേഖപ്പെടുത്തിയത്. 1874-ൽ സ്ഥാപിതമായ ഈ സംഘടനയിൽ 192 അംഗരാജ്യങ്ങളുണ്ട്.