+

റഷ്യയുമായി വലിയ തോതില്‍ വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ക്കെതിരെ കനത്ത തീരുവ പ്രയോഗിക്കാന്‍ ട്രംപ്

ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടര്‍ന്നാല്‍ അമേരിക്കയില്‍ ഈ രാജ്യങ്ങള്‍ക്ക് 500 ശതമാനം ഇറക്കുമതി നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.

റഷ്യയുമായി വലിയ തോതില്‍ വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ക്കെതിരെ കനത്ത തീരുവ പ്രയോഗിക്കാന്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നുവെന്ന് സൂചന. റഷ്യയുമായി എണ്ണ വ്യാപാരത്തില്‍ വലിയ പങ്കാളിത്തമുള്ള ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് 500 ശതമാനത്തിന്റെ വന്‍ അധിക നികുതി ചുമത്താനുള്ള നീക്കത്തിലാണ് ട്രംപ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയുക എന്നതാണ് യു എസിന്റെ ലക്ഷ്യം. ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടര്‍ന്നാല്‍ അമേരിക്കയില്‍ ഈ രാജ്യങ്ങള്‍ക്ക് 500 ശതമാനം ഇറക്കുമതി നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.


യുഎസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നുള്ള സുചനകളും പുറത്തുവന്നിട്ടുണ്ട്. ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ വളരെ അപ്രതീക്ഷിതമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം, ഡെമോക്രാറ്റ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്രുമെന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ബില്ല് യു എസ് സെനറ്റില്‍ കൊണ്ടുവരുന്നതെന്നാണ് വിവരം. യുക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശം എന്ന പേരിലാണ് ബില്‍ കൊണ്ടുവരുന്നത്. അങ്ങനെയാകുമ്പോള്‍ ബില്‍ പാസാക്കല്‍ കടമ്പ വലിയ വെല്ലുവിളിയില്ലാതെ കടക്കാനാകുമെന്നാണ് വിലയിരുത്തല്‍. വരുന്ന ഓഗസ്റ്റില്‍ ബില്‍ സെനറ്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണയുടെ 70 ശതമാനവും വാങ്ങുന്ന രാജ്യങ്ങളാണ്. പുതിയ ബില്‍ അതുകൊണ്ടുതന്നെ ഇന്ത്യക്കും ചൈനക്കുമാകും വലിയ വെല്ലുവിളി.

facebook twitter